Kerala

ഹർത്താലിനെതിരെ പ്രതിഷേധവുമായി ടൂറിസം മേഖല

ഹർത്താലുകൾക്കും ടൂറിസ്റ്റുകളെ ആക്രമിക്കുന്നതിനെതിരെയും സംസ്ഥാനത്തെ ടൂറിസം മേഖല പ്രതിഷേധവുമായി തെരുവിലേക്ക്. പ്രധാന വിനോദ സഞ്ചാര സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതിഷേധം.

തിരുവനന്തപുരത്ത് കത്തിച്ച മെഴുകുതിരികളുമായി മൗനജാഥ നടത്തും. പാളയം രക്തസാക്ഷി മണ്ത്തിൽ നിന്ന് സെക്രട്ടറിയേറ്റ് പടിക്കൽ വരെയാണ് ജാഥ. അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) നേതൃത്വത്തിൽ നടക്കുന്ന മൗനജാഥയിൽ സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫെഡറേഷൻ (എസ് കെ എച്ച് എഫ്), അസോ. ഓഫ് പ്രൊഫഷണൽസ് ഇൻ ടൂറിസം ( എ പി ടി ), ടൂറിസം പ്രൊഫഷണൽസ് ക്ലബ്ബ് (ടി പി സി ), കോൺഫെഡറേഷൻ ഓഫ് അക്രഡിറ്റഡ് ടൂർ ഓപ്പറേറ്റേഴ്സ് (കാറ്റോ ) ‘ കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി ( സി കെ ടി ഐ ) എന്നിവരും പങ്കാളികളാകും .

നാടിനെ നടുക്കിയ മഹാ പ്രളയത്തിന്റെ ആഘാതം പൂര്‍ണമായും വിട്ടൊഴിഞ്ഞിട്ടില്ല, പുതിയ ടൂറിസം സീസണ്‍ ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ടൂറിസം വ്യവസായികളും അനുബന്ധ മേഖലകളിലുള്ളവരും കാണുന്നത്. ഈ സമയത്ത് തന്നെ അശാന്തിയുടെയും സമരവേലിയേറ്റങ്ങളുടെയും തീ നാളങ്ങള്‍ ആളിപ്പടരുന്നത് കേരള ടൂറിസം വ്യവസായത്തിന്റെ അവസ്ഥ കൂടുതല്‍ പരുങ്ങലിലാകും. അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ ഈ വ്യവസായത്തെ തുടച്ചു നീക്കും. പ്രാകൃതമായ ഈ സമര രീതി അടിയന്തരമായി അവസാനിപ്പിക്കാന്‍ കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ ജാതി സാമൂഹിക സഘടനകളും തയ്യാറാകണം. സഞ്ചാര സ്വാതന്ത്ര്യം ഹനിച്ചുകൊണ്ടുള്ള ഒരു സമര രീതിയേയും അംഗീകരിക്കാന്‍ ഇനി കേരളത്തിന്റെ ടൂറിസം മേഖല തയ്യാറല്ല. ഒരു രാഷ്ട്രീയ സംഘടനക്കും എതിരായ പ്രതിഷേധമല്ലന്നും ടൂറിസം വ്യവസായത്തിന്റെ നിലനിൽപ്പിനുള്ള പോരാട്ടമാണെന്നും അറ്റോയ് പ്രസിഡന്റ് സി എസ് വിനോദ് , സെക്രട്ടറി പി വി മനു എന്നിവർ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു .

കൊച്ചിയിൽ ടൂറിസം പ്രൊഫഷണൽസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിശബ്ദ വിലാപയാത്ര നടക്കും. വൈകിട്ട് 6ന് മറൈൻ ഡ്രൈവിലാണ് പരിപാടി.

മൂന്നാറിൽ സേവ് കേരള ടൂറിസം ,സേവ് മൂന്നാർ എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധം . വൈകിട്ട് 3ന് പഴയ മുന്നാർ മൂലക്കടയിൽ നിന്നും ടൗൺ ചുറ്റി നല്ലതണ്ണി റോഡുവരെയാണ് മൗന ജാഥ.

ഹർത്താലിൽ ടൂറിസം മേഖലയെ പൂർണമായും ഒഴിവാക്കണമെന്ന ആവശ്യവും പ്രതിഷേധ പരിപാടികളിൽ ഉയർത്തുന്നുണ്ട്

അപ്രഖ്യാപിത ഹര്‍ത്താലുകള്‍ ടൂറിസം മേഖല തകര്‍ത്തുകൊണ്ടാണിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഹര്‍ത്താലുകള്‍ മൂലം സംഭവിക്കുന്ന വഴിടയല്‍ വിദേശത്ത് നിന്ന് വരുന്ന സഞ്ചാരികളില്‍ നമ്മുടെ നാടിനെക്കുറിച്ചുണ്ടാക്കുന്ന ചിത്രം വളരെ മോശമാണ് ഇതവര്‍ അവരുടെ നാടുകളില്‍ ചെന്ന് പറയുന്നതോടെ പൂര്‍ണമായും വിദേശികളുടെ കേരളത്തിലേക്കുള്ള വരവ് നിലയ്ക്കും . ഈ സ്ഥിതി തുടര്‍ന്നാല്‍ നമ്മുടെ ടൂറിസം മേഖല തകര്‍ന്ന് പോകും. ഇതിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കുക തന്നെ വേണം. അതിന് ആദ്യ പടിയായിട്ടാണ് ഈ നിശബ്ദ ജാഥ സംഘടിപ്പിക്കുന്നത് . അത് പൂര്‍ണമായി തന്നെ വിജയിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എന്ന് ടൂറിസം പ്രഫഷണല്‍ ക്ലബ് സെക്രട്ടറി പോള്‍ എം എസ് ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.

.