Kerala

പാലക്കാട് സുരക്ഷിതം: സന്ദേശവുമായി വ്യോമസേന

സൈക്ലിങ് ആരോഗ്യത്തിനും പരിസ്ഥിതിക്കും എന്ന ആശയവുമായി ഇന്ത്യന്‍ വ്യോമസേന. സുലൂര്‍ വ്യോമകേന്ദ്രത്തിലെ സാഹസിക വിഭാഗമാണ് പാലക്കാട് ജില്ലയില്‍ സൈക്ലിങ് പര്യടനം സംഘടിപ്പിച്ചത്‌. സംസ്ഥാന അതിര്‍ത്തിയായ വാളയാറില്‍ പൊലീസും എയര്‍ഫോഴ്‌സ് അസോസിയേഷന്‍ പാലക്കാട് ചാപ്റ്ററും ചേര്‍ന്ന് സ്വീകരണം നല്‍കി.


‘പാലക്കാട് സുരക്ഷിതം’ എന്ന സന്ദേശം പ്രചരിപ്പിച്ചു ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് എയര്‍ഫോഴ്‌സ് അസോസിയേഷനാണു പര്യടനം ഏകോപിപ്പിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ പി.വേണുഗോപാല്‍ നയിക്കുന്ന 19 അംഗ സംഘത്തില്‍ ഒരു വനിത ഉദ്യോഗസ്ഥ ഉള്‍പ്പെടെ 4 മലയാളികളും ഉണ്ടായിരുന്നു. എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍ മാനേജ്‌മെന്റും പിടിഎ ഭാരവാഹികളും ചേര്‍ന്നു സ്വീകരണം നല്‍കി.


തുടര്‍ന്ന് മലമ്പുഴ ഉദ്യാനത്തിലെത്തിയ സൈക്ലിങ് സംഘത്തെ ജീവനക്കാരും സന്നദ്ധ സംഘടനകളും ചേര്‍ന്ന് പുഷ്പഹാരം നല്‍കി സ്വീകരിച്ചു. എയര്‍ഫോഴ്‌സ് അസോസിയേഷന്‍ പാലക്കാട് ചാപ്റ്റര്‍ സെക്രട്ടറി എസ്.എം.നൗഷാദ്, വിനോദ്കുമാര്‍, സാമുവല്‍, രമേശ്കുമാര്‍, പി.ബാലകൃഷ്ണന്‍, എം.കൃഷ്ണകുമാര്‍, ഡിടിപിസി സെക്രട്ടറി കെ.ജി. അജീഷ്, എംഇഎസ് പ്രിന്‍സിപ്പല്‍ പ്രഫ.അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ 7.30നു വാളയാറിലെത്തിയ സംഘം പര്യടനം പൂര്‍ത്തിയാക്കി വൈകിട്ട് അഞ്ചിനാണു മടങ്ങിയത്.