Auto

ആദ്യ ഇലക്ട്രിക്ക് ബൈക്കുമായി ഹാര്‍ലി ഡേവിഡ്‌സണ്‍

ഐക്കണിക്ക് അമേരിക്കന്‍സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്സന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് ലൈവ്വെയറിന്റെ പ്രൊഡക്ഷന്‍ മോഡല്‍ ഇറ്റലിയില്‍ നടന്ന 2018 മിലന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയില്‍ അവതരിപ്പിച്ചു. 2014-ല്‍ പ്രദര്‍ശിപ്പിച്ച ലൈവ്വെയര്‍ ഇലക്ട്രിക് കണ്‍സെപ്റ്റ് പ്രൊജക്റ്റിന്റെ അടിസ്ഥാനത്തിലാണ് ഇതിന്റെ നിര്‍മാണം.

കഴിഞ്ഞ മാസം അമേരിക്കയിലെ ഹാര്‍ലി മ്യൂസിയത്തില്‍ നടന്ന കമ്പനിയുടെ 115ാം വാര്‍ഷിക ആഘോഷ വേളയിലും ലൈവ്വെയറിന്റെ പ്രൊഡക്ഷന്‍ മോഡല്‍ ഹാര്‍ലി അവതരിപ്പിച്ചിരുന്നു.

ഹാര്‍ലിയുടെ ആദ്യ ഗിയര്‍ലെസ് വാഹനംകൂടിയാണ് ലൈവ്‌വെയര്‍. ഓറഞ്ച്-ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് രൂപകല്‍പന. മള്‍ട്ടി റൈഡ് മോഡ്, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ എന്നിവ വാഹനത്തിനുണ്ട്. സ്റ്റീല്‍ ട്രെല്ലീസ് ഫ്രെയ്മില്‍ ബെല്‍റ്റ് ഡ്രൈവ് മോഡിലാണ് വാഹനമെത്തുന്നത്.

ബൈക്കിന്റെ മോട്ടോര്‍, ബാറ്ററി ശേഷി സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. 74 എച്ച്പി പവര്‍ നല്‍കുന്ന 55kW മോട്ടോറാണ് കണ്‍സെപ്റ്റില്‍ നല്‍കിയിരുന്നത്. മുന്നില്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെഷന്‍. ടാങ്കിന് മുകളിലാണ് ലൈവ് വെയറിന്റെ ചാര്‍ജിങ് സോക്കറ്റ്. 17 ഇഞ്ചാണ് വീല്‍. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം സുരക്ഷയ്ക്കായി കോര്‍ണറിങ് എബിഎസ് സംവിധാനവും ഇതിലുണ്ട്.

അടുത്ത വര്‍ഷത്തോടെ ലൈവ്വെയര്‍ നോര്‍ത്ത് അമേരിക്കയിലും യൂറോപ്പിലും വില്‍പനയ്ക്കെത്തും. ഇന്ത്യയിലെ വിപണി പ്രവേശനത്തിന്റെ കാര്യം വ്യക്തമല്ല.