News

ഇത്തിരി കുഞ്ഞന്‍ പ്രിന്റര്‍ വിപണിയിലെത്തിച്ച് എച്ച് പി

എച്ച് പിയുടെ ഏറ്റവും പുതിയ പോര്‍ട്ടബിള്‍ ഫോട്ടോ പ്രിന്ററായ എച്ച് പി സ്പ്രോക്കറ്റ് പ്ലസ് അവതരിപ്പിച്ചു. കൂടെ കൊണ്ടു നടക്കാവുന്ന തരത്തിലുള്ള ഏറ്റവും ചെറിയ പ്രിന്ററാണ് എച്ച് പി സ്പ്രോക്കറ്റ് പ്ലസ്. 2.3 മുതല്‍ 3.4 വരെ ഇഞ്ചുള്ള ഫോട്ടോകള്‍ പ്രിന്റു ചെയ്യാന്‍ സാധിക്കും. ആന്‍ഡ്രോയിഡിലും ഐ.ഒ.എസ്സിലും പ്രവര്‍ത്തിക്കുന്ന സ്പ്രോക്കറ്റ് ആപ്പ് വഴി പ്രിന്റര്‍ അപ്പ്ഗ്രേഡ് ചെയ്യാം. മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന ഫോട്ടോകള്‍ നേരിട്ട് പ്രിന്റ് ചെയ്യാനും സംവിധാനമുണ്ട്.

സ്പ്രോക്കറ്റ് ആപ്പ് വഴി ഫോട്ടോകളില്‍ എഴുത്തുകള്‍ ബോര്‍ഡറുകള്‍ സ്റ്റിക്കറുകള്‍,ഇമോജികള്‍ എന്നിവ പതിപ്പിച്ച് ഫോട്ടോ കൂടുതല്‍ ജീവസ്സുറ്റതാക്കാന്‍ കഴിയും. എച്ച് പി സ്പ്രോക്കറ്റ് പ്രിന്റര്‍ മൊബൈല്‍ ഫോണുമായും ബ്ളൂട്ടൂത്ത് വഴി ബന്ധിപ്പിക്കാം. പ്രത്യേകമായി മഷിയോ മറ്റ് ഉത്പന്നങ്ങളൊ ഉപയോഗിക്കാതെ 2.3,3.4 ഇഞ്ച് ചിത്രങ്ങള്‍ സിങ്ക് ടെക്നോളജി വഴി പുറത്തെത്തിക്കാം. 8999 രൂപയാണ് ആമസോണില്‍ വില. എച്ച് പി സിങ്ക് പേപ്പറുകള്‍ 799 രൂപമുതലും ലഭ്യമാണ്. 10,20 എണ്ണമുള്ള പേപ്പര്‍ പാക്കുകളായും ലഭിക്കും. കറുപ്പും ചുവപ്പും നിറങ്ങളില്‍ പ്രിന്റര്‍ ഇന്ത്യയില്‍ ലഭ്യമാകും.

ഉപഭോക്താക്കളോടുള്ള തങ്ങളുടെ അടുപ്പമാണ് സ്പ്രോക്കറ്റിന്റെ നിര്‍മ്മാണത്തെ സ്വാധീനിച്ചത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ നല്ല ഓര്‍മകളെ ഫോട്ടോകളാക്കി സൂക്ഷിക്കാന്‍ പുതിയ ഉത്പന്നം സഹായിക്കുമെന്നും എച്ച്.പി ഇന്ത്യ എം.ഡി സുമീര്‍ ചന്ദ്ര പറഞ്ഞു. ദിവസവും നമ്മള്‍ മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ എടുക്കാറുണ്ടെങ്കിലും അതില്‍ പലതും കാണാറില്ല.

സന്തോഷം തരുന്ന അത്തരം ചിത്രങ്ങള്‍ പിന്നീട് കാണാന്‍ കഴിയുന്ന രീതിയില്‍ സൂക്ഷിക്കുകയാണ് സ്പ്രോക്കറ്റ് പ്രിന്ററുകളുടെ ലക്ഷ്യം. പ്രിന്റിങ്ങ് എന്നത് കൂടുതല്‍ എളുപ്പമാക്കുകയാണ് ഇതുവഴി ചെയ്യുന്നതെന്ന് എച്ച് പി ഐഎന്‍സി ഇന്ത്യ പ്രിന്റിങ്ങ് സിസ്റ്റം ആന്റ് സൊല്യൂഷന്‍സ് സീനിയര്‍ ഡയറക്ടര്‍ ലിയോ ജോസഫ് പറഞ്ഞു.