News

വയനാട്ടില്‍ ടീ മ്യൂസിയം തുടങ്ങി

വയനാടന്‍ ടൂറിസം മേഖലക്ക് പുത്തന്‍ പ്രതീക്ഷയുമായി പൊഴുതന അച്ചൂരില്‍ വയനാട്ടിലെ ആദ്യ ടീ മ്യൂസിയം പ്രവര്‍ത്തനം ആരംഭിച്ചു . 1995 ല്‍ അഗ്‌നിക്കിരയായ പഴയ തേയില ഫാക്ടറിയിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. തേയില മേഖലയില്‍ വയനാടന്‍ ചരിത്രം. ആദ്യ കാലങ്ങളില്‍ തേയില സംസ്‌കരിക്കാനും മറ്റും ഉപയോഗിച്ചിരുന്ന പഴയ യന്ത്രങ്ങള്‍ ആദ്യകാല ഫോട്ടോകള്‍ എന്നിവയാണ് മ്യൂസിയത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. 1911 ല്‍ നിര്‍മ്മിച്ച എച്ച്എംലിന്റെ തേയില ഫാക്ടറിയിലാണ് തേയില മ്യൂസിയം ഒരുക്കിയിരിക്കുന്നത്.

മൂന്ന് നിലകളായയാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്ന മ്യൂസിയത്തിനകത്തേക്ക് കയറുമ്പോള്‍ തന്നെ കാണാം പഴമയുടെ പെരുമ. ഫാക്ടറിയില്‍ ഉപയോഗിച്ചിരുന്ന വിവിധ യന്ത്രങ്ങളാണ് ഒന്നാം നിലയില്‍ കാണാനാവുക. കൂടാതെ അചൂരിന്റെ ജീവനുള്ള മാപ്പും ഒരുക്കിയിട്ടുണ്ട്. അചൂര്‍ സ്‌കൂള്‍, അചൂര്‍ പാലം, ദേവാലയം, ഫാക്ടറി തുടങ്ങി പ്രധാനപെട്ട സ്ഥാപനങ്ങളെല്ലാം മാപ്പില്‍ കാണാം. മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന യന്ത്രങ്ങള്‍, തേയിലയില്‍ മരുന്ന് തളിക്കാന്‍ ഉപയോഗിച്ചിരുന്ന യന്ത്രങ്ങള്‍, ആദ്യകാല വീട്ടുപകരണങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കാഴ്ച്ചകളാണ് ഉള്ളത്. ഏതൊരാള്‍ക്കും വയനാടന്‍ തേയിലയുടെ ചരിത്രം നല്ലപോലെ മനസിലാക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല.

തേയിലയെ പരിചയപെടുത്താനായി വിവിധ തരം ചായ പൊടികള്‍ ചായ ഉല്‍പ്പന്നങ്ങള്‍ എന്നിവയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.തേയിലയുടെ വിവിധ ഗുണങ്ങളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മണ്ണൊലിപ്പ് തടയാന്‍ തേയില കൃഷിക്ക് സാധിക്കും. കാന്‍സറിനെ തടയാനും നല്ല തേയില കൊണ്ട് സാധിക്കുമെന്നും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ച രേഖകളില്‍ കാണാം. 1908 മുതലാണ് വയനാട്ടില്‍ തേയില കൃഷി ആരംഭിച്ചതായാണ് മ്യൂസിയത്തിലെ രേഖകളില്‍ കാണുന്നത്. സന്ദര്‍ശകര്‍ക്ക് നല്ല രുചിയുള്ള ചായയും കാപ്പിയും രുചിച്ചു നോക്കാനുള്ള അവസരവും ഇവിടെ ഉണ്ട്. മ്യൂസിയം കാണാന്‍ പ്രത്യേക ഫീസ് ഏര്‍പെടുത്തിയിട്ടുണ്ട്