News

ശബരിമല; വിധിയിലുറച്ച് സര്‍ക്കാര്‍,റിവ്യൂ ഹര്‍ജി നല്‍കില്ല

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി ഒരു വിഷയത്തില്‍ ഒരു നിലപാട് എടുത്താല്‍ മറിച്ചൊരു നിലപാട് സര്‍ക്കാരിന് എടുക്കാനാവില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിയമവാഴ്ചയുള്ള നാടാണ് നമ്മുടേത്‌. അത്തരം ഒരു നാട്ടില്‍ സുപ്രീം കോടതി വിധിക്കെതിരെ എങ്ങനെയാണ് നിലപാട് എടുക്കാനാവുക. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഇക്കാര്യത്തില്‍ റിവ്യൂ ഹര്‍ജി നല്‍കില്ല എന്നാണു മനസ്സിലാക്കിയിട്ടുള്ളത്.

സ്ത്രീകള്‍ ശബരിമല പ്രവേശനം ആഗ്രഹിച്ചു വരുന്നെങ്കില്‍ അവരെ തടയാന്‍ ആവില്ല. ആരെങ്കിലും ക്ഷേത്രത്തില്‍ പോകണമെന്ന് ആഗ്രഹിച്ചാല്‍ എങ്ങനെയാണ് അവരെ തടയാന്‍ ആവുക. ശബരിമലയില്‍ കേരളത്തിലെ വനിതാ പോലീസിനു പുറമേ മറ്റു ആവശ്യമെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലെ പോലീസിനെയും നിയോഗിക്കും.

എല്ലാ വശങ്ങളും പരിശോധിച്ചാണ് സുപ്രീം കോടതി ശബരിമല വിഷയത്തില്‍ വിധി പറഞ്ഞത്. സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദു മതത്തില്‍ തന്നെ ഭിന്നാഭിപ്രായമുണ്ട്. സര്‍ക്കാരിനെ ആക്ഷേപിക്കണം എന്നുള്ളവരാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു