Kerala

കേരള ഈസ്‌ ഓപ്പണ്‍; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ കാര്യങ്ങള്‍

പ്രളയം പ്രതിസന്ധിയിലാക്കിയ കേരള ടൂറിസത്തിന് ഉണര്‍വേകുന്നതായിരുന്നു പ്രമുഖ ബ്രാന്‍ഡ് ആയ സാംസൊനൈറ്റ് പുറത്തിറക്കിയ വീഡിയോ. ‘കേരള ഈസ്‌ ഓപ്പണ്‍’ എന്ന ഈ ഹ്രസ്വ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. വെറും ഒരു മിനിറ്റ് 40 സെക്കണ്ട് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഷെയര്‍ ചെയ്തവരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി, മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍, സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ വീഡിയോ ഷെയര്‍ ചെയ്തു കഴിഞ്ഞു.

ലക്ഷക്കണക്കിന്‌ പേരാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ‘കേരള ഈസ്‌ ഓപ്പണ്‍’ എന്ന വീഡിയോ കണ്ടത്.ടൂറിസം കൊണ്ട് കേരള ജനത എങ്ങനെ ജീവിക്കുന്നു? പ്രളയം ഈ ജനതയെ ബാധിച്ചവിധം, സഞ്ചാരികളുടെ വരവ് വീണ്ടും ഈ ജനതയ്ക്ക് നല്‍കുന്ന ഉന്മേഷം എന്നിവയാണ് ഒന്നര മിനിറ്റിനു താഴെ സമയംകൊണ്ട് വീഡിയോ പറയുന്നത്.

ആശയത്തിന് പിന്നില്‍ ഇവര്‍

മുംബൈ ആസ്ഥാനമായ ഓറ്റം എന്ന പരസ്യ ഏജന്‍സിയുടെതായിരുന്നു ഹ്രസ്വ വീഡിയോയുടെ ആശയം. അതേക്കുറിച്ച് ഓറ്റം മുംബൈ വൈസ് പ്രസിഡന്റ് ബോധ് ദേബ് പറയുന്നു- പ്രളയം കേരളത്തിലെ വിനോദ സഞ്ചാര രംഗം പ്രതിസന്ധിയിലാക്കി എന്ന വാര്‍ത്ത നിരന്തരം പല മാധ്യമങ്ങളിലും വന്നപ്പോള്‍ പ്രതിബദ്ധതയുള്ള ഡിജിറ്റല്‍ ഏജന്‍സി എന്ന നിലയില്‍ എന്തെങ്കിലും ചെയ്യണമെന്നു തോന്നി. ലോക ടൂറിസം ദിനത്തോട് അനുബന്ധിച്ച് വീഡിയോ തയ്യാറാക്കി നല്‍കാന്‍ നേരത്തെ സാംസൊനൈറ്റ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അവരോട് ഈ ആശയം പങ്കുവെച്ചു. എന്നാല്‍ തുടക്കത്തില്‍ അനുകൂലമായിരുന്നില്ല പ്രതികരണം. എന്നാല്‍ വൈകാതെ അവര്‍ ഈ ആശയത്തിന് പച്ചക്കൊടി കാട്ടി. ഓറ്റം ഇന്ത്യയിലെ എല്ലാവരും ആത്മാര്‍ഥമായി ഈ ആശയം സഫലമാക്കാന്‍ യത്നിച്ചു.കോപ്പി റൈറ്റര്‍ നിഷാന്ത് അനന്ത് റാമിന്‍റെതായിരുന്നു സ്ക്രിപ്റ്റ്.ദീപ്തി നാഗിയ സംവിധാനം ചെയ്തു.കേരളത്തിലെ നല്ല ജനങ്ങള്‍ക്കും കേരള ടൂറിസത്തിനും ഈ ഹ്രസ്വ ചിത്രം സമര്‍പ്പിക്കുന്നു. ഈ ആശയത്തെ പിന്തുണച്ച സാംസൊനൈറ്റിനും നന്ദി- ബോധ് പറയുന്നു.

സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുക, കേരള ടൂറിസത്തിന് ഉണര്‍വേകുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് സാംസൊനൈറ്റ് സൗത്ത് ഏഷ്യ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനുശ്രീ തൈന്‍വാല പറഞ്ഞു.നീലക്കുറിഞ്ഞി മാത്രമല്ല കേരളത്തില്‍,അതിനപ്പുറം നല്ലവരായ മനുഷ്യരുടെ നാടാണ് അവിടം എന്ന സന്ദേശം നല്‍കുക കൂടിയാണ് വീഡിയോയെന്നും അനുശ്രീ പറഞ്ഞു.

വീഡിയോ കാണാം;