Kerala

കരുത്തോടെ കുമരകം

പ്രളയത്തിന് ശേഷം കുമരകത്തേക്ക്  വിദേശ വിനോദ സഞ്ചാരികളുടെ വരവേറി. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി എത്തുന്ന വിദേശികളുടെ ബുക്കിങ് ഒക്ടോബര്‍, നവംബര്‍ വരെ പൂര്‍ത്തിയായി.

ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ 27 അംഗ സംഘം കുമരകത്തിന്റെ ഭംഗി ആസ്വദിക്കാനെത്തി. നാട്ടുമ്പുറത്തെ നിത്യ ശീലങ്ങള്‍ സഞ്ചാരികളെ പരിചയപ്പെടുത്തി. കയര്‍ പിരിക്കല്‍, ഓലമെടച്ചില്‍, പായ നെയ്ത്ത്, എന്നിവ കുമരകത്ത് എത്തിയ സഞ്ചാരികള്‍ നേരിട്ട് കണ്ട് ആസ്വദിച്ചു.

കൗതുകമുണര്‍ത്തുന്ന കാഴ്ചകള്‍ കണ്ടപ്പോള്‍ സഞ്ചാരികള്‍ക്ക് ഇതൊക്കെ എങ്ങനെയാണ് ചെയ്യുന്നത് എന്നറിയാന്‍ ആവേശമായി. കാഴച്ചകള്‍ക്കപ്പുറം രുചിയിലെ വൈവിധ്യവും അവരെ ആകര്‍ഷിച്ചു.

തേങ്ങച്ചമ്മന്തി ഉണ്ടാക്കുന്ന വിധം എങ്ങനെ എന്ന് അറിയാനായിരുന്നു സഞ്ചാരികളുടെ ആവശ്യം. തുടര്‍ന്ന് വീട്ടമ്മയായ അജിത തേങ്ങച്ചമ്മന്തി ഉണ്ടാക്കുന്ന വിധം കാണിച്ചു  ഗൈഡ് രുചിക്കൂട്ടുകള്‍ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി കൊടുത്തു.

കുമരകത്തിന്റെ ഭംഗി ആസ്വദിക്കാനെത്തിയ സഞ്ചാരികള്‍ പിന്നീട് കള്ളു ചെത്തുന്ന വിധവും, വല വീശി മീന്‍ പിടിക്കുന്ന വിധവും പരീക്ഷിച്ചു നോക്കി.