Kerala

കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ യാത്രാവിമാനം പറന്നിറങ്ങി

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വലിയ യാത്രാവിമാനം പറന്നിറങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിങ് 738 വിമാനമാണു തിരുവനന്തപുരത്ത് നിന്നു രാവിലെ ഒന്‍പതിനു പുറപ്പെട്ട വിമാനം പതിന്നൊന്നരയോടെ  കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ ഇറങ്ങി.

എയര്‍പോര്‍ട്ട് അതോറിറ്റി കാലിബ്രേഷന്‍ വിമാനം ഉപയോഗിച്ചു നടത്തിയ പരിശോധനയെത്തുടര്‍ന്നു തയാറാക്കിയ ഇന്‍സ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജ്യര്‍ അനുസരിച്ചാണു വിമാനം ഇറക്കിയത് . വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിക്കുന്നതിനുള്ള അവസാന കടമ്പയാണ് ഇന്നത്തെ വിമാന പറന്നിറങ്ങയതോടെ നടന്നത്.

മൂന്നു മണിക്കൂറോളം തുടരുന്ന ഈ പരീക്ഷണ പറക്കലിനിടെ ആറു ലാന്‍ഡിങ്ങുകള്‍ നടത്തി. എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ സഹായത്തോടെയായിരുന്നു  പരീക്ഷണ പറക്കലും ലാന്‍ഡിങ്ങുകളും നടന്നത്.

ഏതു കാലാവസ്ഥയിലും ഏതു സമയത്തും വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതിയാണ് കണ്ണൂര്‍ വിമാനത്താവളത്തിന് ലഭിക്കേണ്ടത്. വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുന്നതിനു മുന്നോടിയായുള്ള ഡിജിസിഎയുടെ പരിശോധന ഇന്നലെ തുടങ്ങിയിരുന്നു.

വിമാനം വിജയകരമായി ഇറക്കി ഫ്‌ലൈറ്റ് വാലിഡേഷന്‍ പൂര്‍ത്തിയാക്കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡിജിസിഎ) റിപ്പോര്‍ട്ട് നല്‍കിയ ശേഷമാവും വിമാനത്താവളത്തിന് അന്തിമ അനുമതി നല്‍കുക.