Aviation

നിലം തൊടാതെ 20 മണിക്കൂര്‍ പറക്കാന്‍ ജിം ഉള്‍പ്പെടെയുള്ള വിമാനം വരുന്നു

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നിന്ന് അമേരിക്കന്‍ നഗരങ്ങളിലേയ്ക്ക് നിലംതൊടാതെ ഒരു വിമാനയാത്ര. സാങ്കേതികവിദ്യ വികസിച്ചതോടെ ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുങ്ങുകയാണ് ക്വാണ്ടാസ് എയര്‍ലൈന്‍സ്. സണ്‍റൈസ് എന്ന് പേരിട്ടിരിക്കുന്ന പ്രൊജക്ടില്‍ 300 യാത്രക്കരെയും അവരുടെ ലഗ്ഗേജും വഹിക്കാന്‍ സജ്ജമായ വിമാനമാണ് പറക്കാന്‍ തയ്യാറെടുക്കുന്നത്. വിമാനത്തില്‍ ക്യാബിന്‍ രീതിയിലുള്ള ഇന്റീരിയറാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്. കുട്ടികളുടെ പരിചരണം, വ്യായാമം തുടങ്ങിയവയ്ക്കായി പ്രത്യേക സൗകര്യങ്ങള്‍ വിമാനത്തില്‍ ഒരുക്കാനാണ് പദ്ധതി .

സിഡ്‌നിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള വിമാനം എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുമെന്ന് ക്വാണ്ടാസ് എയര്‍ലൈന്‍സ് സിഇഒ പ്രമുഖ എയര്‍ലൈന്‍ കമ്പനികളായ ബോയിങ്, എയര്‍ബസ് എന്നിവയെ വെല്ലുവിളിച്ചിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ഈ വെളിപ്പെടുത്തല്‍. 1935ല്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്ര 13 ദിവസത്തോളം ദൈര്‍ഘ്യമെടുക്കുന്നതായിരുന്നു. പിന്നീട് പറക്കുന്ന ബോട്ടുകള്‍ ഉള്‍പ്പെടെയുള്ളവ ആരംഭിച്ചെങ്കിലും സിഡ്‌നി-ലണ്ടന്‍ യാത്രയ്ക്കിടെ 30 സ്റ്റോപ്പുകള്‍ ഉള്‍പ്പെട്ടിരുന്നു.

ഖത്തര്‍ എയര്‍വെയ്‌സ് നടത്തുന്ന നിലവിലെ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദോഹ-ഓക്ലന്‍ഡ് യാത്രയെ മറികടക്കുന്നതാവും 20മണിക്കൂറോളം നീണ്ട സിഡ്‌നി-ലണ്ടന്‍ എയര്‍വെയ്‌സ്. 2022മുതല്‍ യാത്രയ്ക്ക് തയ്യാറാകുമെന്നും ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാനുള്ള ആത്മവിശ്വാസമുണ്ടെന്നും ക്വാണ്ടാസ് എയര്‍ലൈന്‍സ് സിഇഒ അലന്‍ ജോയിസ് പറഞ്ഞു.