Kerala

വീണ്ടെടുക്കും ചെങ്ങന്നൂരിനെ; ശുചീകരണ പ്രവർത്തനങ്ങളുമായി ടൂറിസം മേഖലയും

പ്രളയം സർവനാശം വിതച്ച ചെങ്ങന്നൂരിൽ ടൂറിസം മേഖലയുടെ അകമഴിഞ്ഞ സഹായം തുടരുന്നു.

ചെങ്ങന്നൂരിനെ വീണ്ടെടുക്കാനുള്ള ശ്രമവുമായി കേരളത്തിലെ ടൂറിസം മേഖല പ്രളയം ദുരിതം ശേഷിപ്പിച്ച വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കി. പുത്തൻകാവിലെ ഇടനാട്ടിലാണ് ടൂറിസം മേഖല ശുചീകരണ പ്രവർത്തനം നടത്തിയത്.

 

അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) , കേരള ട്രാവൽ മാർട്ട് സൊസൈറ്റി, കാറ്റോ, ടൂറിസം പ്രഫഷണൽസ് ക്ലബ്ബ്, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫെഡറേഷൻ തുടങ്ങി ടൂറിസം രംഗത്തെ സംഘടനകളും പ്രമുഖ സ്ഥാപനങ്ങളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി.

തിരുവനന്തപുരത്തെ ടൂർ ഓപ്പറേറ്റർമാരും ഹോട്ടൽ – റിസോർട്ട് ഉടമകളും ജീവനക്കാരുമാണ് ഇടനാട് വൃത്തിയാക്കിയത്.

 

ഇടനാട് ശാലേം മാർത്തോമാപ്പള്ളിയിൽ രാവിലെ ഒമ്പതരക്കെത്തിയ ഇരുനൂറിലേറെ വരുന്ന സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് വീടുകൾ തോറും കയറിയിറങ്ങി വൃത്തിയാക്കിയത്. ഓരോ സംഘത്തിലും പ്ലംബർ, ഇലക്ട്രീഷ്യൻ എന്നിവരുടെ സാന്നിധ്യം ഉറപ്പാക്കിയിരുന്നു.

വീടുകളിലും സ്ഥാപനങ്ങളിലും അടിഞ്ഞുകൂടിയ കനത്ത ചെളി നീക്കം ചെയ്യൽ വെല്ലുവിളിയായിരുന്നെങ്കിലും അത് വേഗം നീക്കം ചെയ്യാൻ സംഘങ്ങൾക്കായി .വീട്ടുപകരണങ്ങളും ഫർണിച്ചറുകളും വൃത്തിയാക്കി വീടുകളെ പഴയ പടിയാക്കി.

 

ഇടനാട്ടിലെ അംഗൻവാടികളും സംഘം വൃത്തിയാക്കി. ഒരു അംഗൻവാടി ടൂറിസം മേഖല ഏറ്റെടുത്തു. അംഗൻവാടി കെട്ടിടത്തിന് പുതിയ പെയിൻറും അടിച്ചാണ് ടൂറിസം മേഖല ചെങ്ങന്നൂർ ദൗത്യത്തിന്റെ ആദ്യ ദിനം പൂർത്തിയാക്കിയത്.

 

ശുചീകരണ പ്രവർത്തനങ്ങൾക്ക് അറ്റോയ് സെക്രട്ടറി വി. ശ്രീകുമാര മേനോൻ, കെ ടി എം പ്രസിഡന്റ് ബേബി മാത്യു സോമതീരം , അറ്റോയ് വൈസ് പ്രസിഡന്റ്   വിനോദ് സി എസ്, നിർവാഹക സമിതി അംഗം പി വി മനു , ജയൻ സാഗര, അജി അലക്സ്, ടൂറിസം ഉപദേശക സമിതി അംഗം കെ വി രവിശങ്കർ തുടങ്ങിയവർ നേതൃത്വം നൽകി.

രാവിലെ അയാട്ടോ സീനിയർ വൈസ് പ്രസിഡന്റ് ഇ എം നജീബ് ശുചീകരണ യാത്ര തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്തു.