Asia

മരണപ്പെട്ടവര്‍ക്കായൊരു ആഡംബര ഹോട്ടല്‍

മരണം നമ്മളെ കൊണ്ടുപോകുന്നതിന് മുമ്പായി ചെയ്തു തീര്‍ക്കാന്‍ ഒരു നീളന്‍ ലിസ്റ്റുമായി  നടക്കുന്നവരാണ് മിക്കവരും. അതിലൊരു ആഗ്രഹമാവും ആഡംബര ഹോട്ടലിലെ സുഖജീവിതം. എന്നാല്‍ ആ  ആഗ്രഹം പൂര്‍ത്തിയാക്കാതെ മരിച്ച് പോകുന്നവര്‍ക്ക്  പൂര്‍ത്തകരണത്തിന് ജപ്പാനിലൊരു ഏര്‍പ്പാടുണ്ട്.

മരണാനന്തരം മൃതദേഹങ്ങളെ ആഡംബര സൗകര്യങ്ങളോടെ സുഖപ്രദമായ അന്ത്യവിശ്രമത്തിന് ഹോട്ടലിലേയ്ക്ക് അയയ്ക്കാം. ജപ്പാനിലുള്ള ഒസാകയിലാണ് ആഡംബര ഹോട്ടല്‍.

ദി ഹോട്ടല്‍ റിലേഷന്‍ അല്ലെങ്കില്‍ ‘ഇതായി ഹോട്ടേരു’ എന്നാണ് ഇതിന്റെ പേര്. ഈ ആഡംബര ഹോട്ടലില്‍ മൃതശരീരം സൂക്ഷിച്ചുവയ്ക്കുന്നത് ജപ്പാനിലെ ഒരു പ്രവണതയായി ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയാണ്.

ജപ്പാനില്‍ ശ്മശാനങ്ങള്‍ വളരെ കുറവാണ്. ഉള്ള ശ്മശാനങ്ങള്‍ വളരെയധികം അകലത്തിലുമാണ്. ഒരു മൃതദേഹം ശ്മശാനങ്ങളില്‍ എത്തുന്ന സമയത്ത്, മറ്റ് സംസ്‌കാരചടങ്ങുകള്‍ നടക്കുകയാണെങ്കില്‍, എത്തിക്കുന്ന മൃതശരീരം സൂക്ഷിക്കുന്നതിന് ഗ്ലാസ് കൊണ്ട് ആവരണം ചെയ്ത പ്രത്യേക പെട്ടിയുണ്ട്.

ഈ ഹോട്ടലിലെ മുറികളില്‍ ഡബിള്‍ബെഡും ടെലിവിഷനും ഫര്‍ണിച്ചറുമാണുള്ളത്. ഇടത്തരം മുറികളും പണം കൂടുതല്‍ നല്‍കിയാല്‍ കുറച്ച് കൂടി ആഡംബരമുള്ള മുറികളും ഇവിടെ ലഭ്യമാണ്. ജപ്പാനിലെ ജനസംഖ്യയില്‍ കൂടുതലും പ്രായമുള്ളവരാണ്. കൂടുതല്‍ മൃതദേഹങ്ങള്‍ എത്തുന്നതിനാല്‍ ശ്മശാനങ്ങളില്‍ മരണദിനം തന്നെ ചടങ്ങുകള്‍ നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇത് കൊണ്ടു തന്നെ ഇതായി ഹോട്ടേരുവിന്റെ ബിസിനസ് വളര്‍ന്നുകൊണ്ടിരിക്കുകയാണ്.