News

ജലോത്സവങ്ങൾക്കു കേന്ദ്ര സഹായം 25ലക്ഷം വീതം; അവഗണന ആരോപിച്ച് കണ്ണന്താനത്തിനെതിരെ കടകംപള്ളി

 


നെഹ്‌റു ട്രോഫി, ആറന്മുള ജലോത്സവങ്ങൾക്കു കേന്ദ്ര സർക്കാർ 25 ലക്ഷം രൂപ വീതം അനുവദിച്ചു. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം ഡൽഹിയിൽ അറിയിച്ചതാണിക്കാര്യം. പമ്പ ജലോത്സവത്തിനും തുക അനുവദിച്ചെന്നു പറഞ്ഞ മന്ത്രി പക്ഷെ ഇത് എത്രയെന്നു വെളിപ്പെടുത്തിയില്ല. കേരളത്തിലെ ജലോത്സവങ്ങൾക്ക് ഇതാദ്യമായാണ് കേന്ദ്ര സഹായമെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

അതിനിടെ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അൽഫോൺസ് കണ്ണന്താനവുമായി കൂടിക്കാഴ്ച നടത്തി. കണ്ണന്താനം മന്ത്രിയായ ശേഷം കേരളം സമർപ്പിച്ച എട്ടു പദ്ധതികളിൽ ഒന്നും അംഗീകരിച്ചിട്ടില്ലന്നു കടകംപള്ളി ആരോപിച്ചു. 2015-17ൽ അനുവദിച്ച നാല് പദ്ധതികളിൽ രണ്ടെണ്ണം പൂർത്തിയായെന്നും മറ്റുള്ളവയുടെ പണി പുരോഗമിക്കുന്നെന്നും മന്ത്രി പറഞ്ഞു.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ആറന്‍മുള, ഗുരുവായൂര്‍ ക്ഷേത്രം, മുനിസിപ്പാലിറ്റി വികസനം തുടങ്ങിയവ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഗവി- വാഗമണ്‍ പദ്ധതിയാണ് പൂര്‍ത്തിയായത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സ്വദേശി ടൂറിസം പദ്ധതിയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ ക്ഷണിക്കാമെന്നു കേന്ദ്രമന്ത്രി അറിയിച്ചതായി മന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ സ്വദേശ് ദർശൻ പദ്ധതിയിൽ കാലടി-മലയാറ്റൂർ തീർത്ഥാടന സർക്യൂട്ടും ഉൾപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിവേദനം കടകംപള്ളി സുരേന്ദ്രൻ കേന്ദ്ര മന്ത്രിക്കു കൈമാറി. സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോർജും , ഡയറക്ടര്‍ പി. ബാലകിരണ്‍ എന്നിവരും കേന്ദ്ര ടൂറിസം സെക്രട്ടറി രശ്മി വര്‍മ, ജോയിന്റ് സെക്രട്ടറി സുമന്‍ ബില്ല, അഡീ. സെക്രട്ടറി മീനാക്ഷി  എന്നിവര്‍ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.