Kerala

ചുനയംമാക്കലില്‍ സഞ്ചാരികളുടെ തിരക്കേറുന്നു

പ്രകൃതി മനോഹാരിതയ്ക്ക് നടുവില്‍ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി എല്ലക്കല്‍ ചുനയംമാക്കല്‍ വെള്ളച്ചാട്ടം. ശക്തമായ കാലവര്‍ഷ മഴയില്‍ മുതിരപ്പുഴ ജലസമൃദ്ധമായതോടെ വശ്യ മനോഹാരിതയാണ് ചുനയംമാക്കല്‍ വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് പകര്‍ന്ന് നല്‍കുന്നത്.

എല്ലക്കല്‍ പന്നിയാര്‍കൂട്ടി റൂട്ടില്‍ നിന്നും എഴുനൂറ് മീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം. എല്ലക്കല്‍ പന്നിയാര്‍കൂട്ടി റൂട്ടില്‍ സഞ്ചാരികളുടെ വരവ് കൂടിയതോടെ എല്ലക്കല്‍ ചുനയംമാക്കല്‍ വെള്ളച്ചാട്ടവും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി.

വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ വന്‍ വികസന പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. നിലവില്‍ ഒമ്പത് ലക്ഷം രൂപ റോഡ് വികസനത്തിനും ശൗചാലയമടക്കമുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് എട്ട് ലക്ഷം രൂപയും പഞ്ചായത്ത് അനുവദിച്ചു.

വെള്ളത്തുവല്‍ രാജാക്കാട് പഞ്ചായത്തുകളെ വേര്‍തിരിച്ച് ഒഴുകുന്ന മുതിരപ്പുഴയ്ക്ക് കുറുകേ ആട്ടുപാലം നിര്‍മ്മിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഡി റ്റി പി സിയുമായി ആലോചിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. വിനോദ സഞ്ചാര മേഖലയില്‍ മുന്നേറ്റമുണ്ടാകുന്നതോടെ കുടിയേറ്റ കാര്‍ഷിക ഗ്രാമമായ മേഖലയുടെ സമഗ്രമായ വികസനത്തിന് വഴിതെളിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.