News

അഞ്ചുരുളിയില്‍ സഞ്ചാരികളുടെ തിരക്കേറുന്നു

കാലവര്‍ഷത്തില്‍ ഇടുക്കി ജലസംഭരണിയില്‍ ജലനിരപ്പുയര്‍ന്നതോടെ അഞ്ചുരുളിയിലും ജലനിരപ്പുയര്‍ന്നു. ഇതോടെ ദിവസേന നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഇരട്ടയാര്‍ ഡാമില്‍ നിന്നുള്ള ജലം തുരങ്കത്തിലൂടെ സംഭരണിയില്‍ പതിക്കുന്നതാണ് ആകര്‍ഷകമായ കാഴ്ച. 5.5 കിലോമീറ്റര്‍ നീളവും 24 അടി വ്യാസവുമുള്ള തുരങ്കം ഇരട്ടയാര്‍ മുതല്‍ അഞ്ചുരുളിവരെ ഒറ്റപ്പാറയിലാണ് നിര്‍മിച്ചത്. രണ്ടിടങ്ങളില്‍നിന്നും ഒരേസമയം നിര്‍മാണം ആരംഭിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു.

നിര്‍മാണ കാലയളവില്‍ 22 പേര്‍ അപകടങ്ങളില്‍ മരിച്ചു. കല്യാണത്തണ്ട് മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്തിന് കീഴെയാണ് തുരങ്കം. സെല്‍ഫിയെടുക്കാനും ഫോട്ടോയെടുക്കാനുംവരെ തിരക്കാണിവിടെ. എന്നാല്‍, ഇവിടം അപകട മേഖലകൂടിയാണ്. കാല്‍വഴുതിയാല്‍ പതിക്കുന്നത് നിലയില്ലാത്ത ഇടുക്കി സംഭരണിയിലായിരിക്കും. ഇതോടെയാണ് കാഞ്ചിയാര്‍ പഞ്ചായത്തും പൊലീസും ചേര്‍ന്ന് സുരക്ഷ ഉറപ്പാക്കിയത്. സഞ്ചാരികള്‍ വെള്ളത്തിലേക്കിറങ്ങുന്ന ഭാഗങ്ങള്‍ കയറുകെട്ടി അടച്ചു. വാഹനങ്ങള്‍ വെള്ളത്തിന് സമീപത്തേക്ക് ഇറക്കുന്നത് നിരോധിച്ചിട്ടുണ്ട്.

തുരങ്കത്തിലേക്കുള്ള പാതയും അടച്ചു. നിരവധിയിടങ്ങളില്‍ അപായസൂചന ബോര്‍ഡുകളും വച്ചിട്ടുണ്ട്. സഞ്ചാരികളുടെ വര്‍ധനവ് കണക്കിലെടുത്ത് പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. എന്നാല്‍, എല്ലാ നിയന്ത്രണങ്ങളും മറികടന്ന് സഞ്ചാരികള്‍ വെള്ളത്തിലിറങ്ങുന്നത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകും.