News

പെയ്തൊഴിയാതെ ‘പേ’ മാരി; കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം,ഇടുക്കിയിൽ ജലനിരപ്പ് ഉയരുന്നു.

Image result for rain kerala

കേരളത്തിൽ ബുധനാഴ്‌ചവരെ കനത്തമഴപെയ്യുമെന്ന്‌ കാലാവസ്‌ഥ നിരീക്ഷണകേന്ദ്രം. ചിലയിടങ്ങളിൽ 7 സെന്റീമീറ്റർ മുതൽ 10 സെൻറിമീറ്റർ വരെ ശക്‌തമായ മഴക്ക്‌ സാധ്യതയുണ്ട്‌. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്‌.

തിരുവനന്തപുരത്ത്‌ ഇന്നലെ തുടങ്ങിയ മഴ ഇപ്പോളും ശക്‌തമായി തുടരുകയാണ്. ജില്ലയിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ കലക്‌ടർ അവധി പ്രഖ്യാപിച്ചു. കണ്ണൂരിലെ ചിലയിടങ്ങളിലും കലക്‌ടർ അവധി പ്രഖ്യാപിച്ചു.കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കണ്ണൂർ, ഇടുക്കി, കോഴിക്കോട്, എറണാകുളം ജില്ലകളിലും മഴ ശക്തമായി തുടരുന്നു.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ വെള്ളം കയറിയതിനെത്തുടർന്ന് ട്രെയിനുകൾ വൈകുന്നു. തലസ്ഥാനത്ത് പൊട്ടിവീണ വൈദ്യുതിലൈനില്‍ തട്ടി ഒരാള്‍ മരിച്ചു. രാവിലെ ആറുമണിയോടെ പാല്‍ വാങ്ങാന്‍ പോയ ജോര്‍ജ്കുട്ടി ജോണാണ് (74) നാലാഞ്ചിറയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി മരിച്ചത്.

Image result for rain kerala

കെടുതികൾ ഏറെ

കോഴിക്കോട് കനത്ത മഴയിൽ കക്കയം – തലയാട് റോഡിൽ 26–ാം മൈൽ ഭാഗത്തു മലയിടിഞ്ഞു ഗതാഗതം മുടങ്ങി. ആറളം ഫാം വളയംചാൽ തൂക്കുപാലം ഒഴുക്കിപ്പോയി. ചീങ്കണ്ണിപ്പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലമാണ് ഒഴുകിപ്പോയത്.

Image result for rain kerala

ഇടുക്കിയിൽ ജലനിരപ്പ് വീണ്ടുമുയർന്ന്‌ 2395.40 അടിയിലെത്തി.ഡാമിന്റെ വൃഷ്‌ടിപ്രദേശങ്ങളിൽ മഴ പെയ്യുന്നതിനാൽ നീരൊഴുക്കും കൂടുതലാണ്‌. ഇന്നലെ ജലനിരപ്പ്‌ 2395 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് കെഎസ്ഇബി അതിജാഗ്രതാ നിര്‍ദ്ദേശം (ഓറഞ്ച് അലര്‍ട്ട്) പ്രഖ്യാപിച്ചു. രാത്രി ഒന്‍പത് മണിയോടെ നടത്തിയ പരിശോധനയിലാണ് അണക്കെട്ടിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കുന്നതിനുള്ള പരിധികടന്നതായി മനസ്സിലാക്കിയത്. എന്നാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാം നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ അറിയിച്ചു. ഓറഞ്ച്‌ അലർട്ടിന്‌ പിന്നാലെ ഇടുക്കിയിൽ സുരക്ഷ ശക്‌തമാക്കി. അതോടൊപ്പം ഇടമലയാർ ഡാമിൽ ജലനിരപ്പ്‌ 166.53 മീറ്റായി. പരമാവധി സംഭരണശേഷി 169 മീറ്ററാണ്‌. ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചതോടെ ചെറുതോണി അണക്കെട്ടിന്‌ മുകളിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്‌.

ജലനിരപ്പ് 2397 അടിയിലെത്തിയാല്‍ 24 മണിക്കൂറിനകം തുറന്നുവിടാന്‍ വൈദ്യുതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഡാം തുറക്കുന്നതിന്റെ ട്രയല്‍ റണ്‍ ചൊവ്വാഴ്ച നടക്കും. ഡാമിന്റെ ഷട്ടറുകള്‍ 40 സെന്റീമിറ്റര്‍ ഉയര്‍ത്തിയാണ് ട്രയല്‍ റണ്‍. പരീക്ഷണ തുറക്കലില്‍ ഏതൊക്കെ മേഖലകളിലേക്ക് വെള്ളം എത്താനുള്ള സാധ്യതകളുണ്ടെന്ന് പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ സ്വീകരിക്കും.

Image result for rain kerala

ഏത‌് അടിയന്തര സാഹചര്യവും നേരിടാനുമുള്ള സുരക്ഷാ ക്രമീകരണങ്ങളും മുൻകരുതലുകളുമെല്ലാം പൂർത്തിയാക്കി. ദുരന്ത നിവാരണസേനയേയും വിന്യസിച്ചു. സംഭരണിയുടെ പൂർണതോതിലുള്ള ശേഷി 2403 അടിയാണെങ്കിലും 2400നു മുമ്പേ തുറക്കും. ഇടുക്കി കലക്ടർ കെ ജീവൻ ബാബുവിന്റെ നേതൃത്വത്തിൽ വാഴത്തോപ്പിൽ അവലോകന യോഗം ചേർന്നു.

തിങ്കളാഴ‌്ച രാവിലെ 2394.58 ആയിരുന്ന ജലനിരപ്പ‌് രാത്രി ഒമ്പതോടെയാണ‌് 2395 ലെത്തിയത‌്. ശേഷിയുടെ 90.27 ശതമാനം. സംഭരണി മേഖലയിൽ 18.20 മി . മീറ്റർ മഴ ലഭിച്ചു. മൂലമറ്റത്ത‌് വൈദ്യുതോൽപാദനം 15.054 ദശലക്ഷം യൂണിറ്റാണ‌്. ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറക്കേണ്ടി വന്നാൽ താഴെ ബാധിക്കുന്ന 25 കി.മീറ്റർ പരിധിയിലുള്ള അഞ്ച‌് പഞ്ചായത്തുകളിൽ സർവേ നടത്തി തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. വീടുകളും കടകളും ഉള്ള 200 പേർക്ക‌് നോട്ടീസ‌് നൽകി. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സംഘം പെരിയാർ പുഴയുടെ 100 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവരെ നേരിൽ കണ്ടാണ‌് അറിയിപ്പ‌് നൽകിയത‌്.

സംഭരണി തുറന്നാൽ നേരിട്ട‌് ബാധിക്കുന്നത‌് 40 കുടുംബങ്ങളെ മാത്രമാണ‌്. ചിലർ സ്വയം ഒഴിഞ്ഞുപോകാനും ബന്ധുക്കളുടെ വീടുകളിൽ പോകാനും തയ്യാറായിട്ടുണ്ട‌്. മാറ്റി പാർപ്പിക്കാനും ആവശ്യമായ ഇടം കണ്ടെത്തി. ചെറുതോണി ടൗൺ, തടിയമ്പാട‌്, കരിമ്പൻ, പനംകുട്ടി, പാംബ്ല എന്നിവിടങ്ങളിലെത്തിയ ഉദ്യോഗസ്ഥസംഘം വെള്ളം തുറന്നുവിട്ടാൽ ഒഴുകുന്ന മേഖലയും സന്ദർശിച്ചു. നിവാസികളെ മാറ്റിപാർപ്പിക്കാൻ നാല‌് കേന്ദ്രങ്ങളും തെരഞ്ഞെടുത്തിട്ടുണ്ട‌്.

അണക്കെട്ട്- തുറക്കുന്നതിന് മുന്നോടിയായി വെള്ളം സുഗമമായി പരന്നൊഴുകുന്നതിന‌് പെരിയാർ തീരങ്ങൾ ജെസിബി ഉപയോഗിച്ച‌് വൃത്തിയാക്കി. ദേശീയ ദുരന്തസേനയുടെ 46 അംഗ സംഘം ചെന്നൈ ആരക്കോണത്തുനിന്നാണ‌് ഇടുക്കിയിലെത്തിയത‌്. ക്യാപ്ടൻ പി കെ മീനയുടെ നേതൃത്വത്തിൽ ഏഴു മലയാളികളടങ്ങുന്ന സംഘം ഏത‌് സാഹചര്യത്തിലും സുരക്ഷയൊരുക്കുന്നതിന് പരിശീലനം ലഭിച്ചവരാണ‌്. സുരക്ഷയ്ക്കുള്ള ഉപകരണങ്ങളുമായിട്ടാണ് ഇവർ എത്തിയിരിക്കുന്നത‌്.

ദുരന്തനിവാരണ സേന, ഫയർഫോഴ‌്സ‌് എന്നിവയ‌്ക്ക‌് പുറമെ എല്ലാ സർക്കാർ വകുപ്പുകളിലേയും ഉദ്യോഗസ്ഥർ രാപ്പകൽ ജാഗ്രതയോടെ പ്രവർത്തിച്ചുവരുന്നു. ഓരോ പ്രവർത്തനവും മുഖ്യമന്ത്രിയുടെ ഓഫീസ‌് വിലയിരുത്തി ആവശ്യമായ നിർദേശങ്ങൾ നൽകിവരുന്നു.

Image result for rain kerala

മീൻ പിടിക്കാനും സന്ദർശനത്തിനും വിലക്ക്

ഇടുക്കി ഡാമിന്റെ ഷട്ടർ തുറക്കുന്നത‌് കാണാൻ ധാരാളം സന്ദർശകരാണ‌് എത്തിക്കൊണ്ടിരിക്കുന്നത‌്. എന്നാൽ, വെള്ളം ഒഴുകുന്ന അഞ്ച‌് പഞ്ചായത്തുകളിൽ സന്ദർശകരെ വിലക്കി.
ഇടുക്കി അണക്കെട്ട് തുറന്ന് ജലം പെരിയാറിലേക്ക് ഒഴുക്കിവിടുമ്പോള്‍ അവിടെ മീന്‍പിടിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് ജില്ലാ ഭരണകൂടം കര്‍ശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

പുഴയില്‍ ഇറങ്ങാനോ പാറക്കൂട്ടങ്ങളിലോ മറ്റോ കൂട്ടം കൂടി നില്‍ക്കാനോ പാടില്ലെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഡാം തുറക്കേണ്ടി വന്നാല്‍ പരിസര പ്രദേശങ്ങളില്‍ വെളിച്ചം ഉറപ്പാക്കാന്‍ തെരുവുവിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്ന നടപടികളും നടക്കുന്നുണ്ട്. അനാവശ്യമായ ആശങ്ക വേണ്ടന്ന് ജില്ലാ കളക്ടർ അറിയിച്ചു.

നെയ്യാര്‍, അരുവിക്കര, പേപ്പാറ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. നെയ്യാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതിന്റെ ഉയരം മൂന്ന് അടിയാക്കി. ആദ്യം ഒരടിയാണു തുറന്നത്. അരുവിക്കര ഒന്നര മീറ്ററും പേപ്പാറ ഒന്നര സെന്റീമീറ്ററും മാത്രമാണ് ഉയർത്തിയിരിക്കുന്നത്.

ഇടുക്കി,കോട്ടയം, എറണാകുളം എന്നിവിടങ്ങളിലെ റവന്യൂ ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കിയിട്ടുമുണ്ട്.