News

ബാഡ്മിന്റണ്‍ മത്സരത്തിനൊരുങ്ങി ടൂറിസം മേഖല

ഷൂട്ട് ദ് റെയിനിനും, മധു മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനും ശേഷം വീണ്ടും കളിയാരവവുമായി ടൂറിസം മേഖല.മൂന്നാര്‍ കുക്ക് മേക്കര്‍ റിസോര്‍ട്ടിലെ മാനേജറും എം ഡി എം എക്‌സിക്യൂട്ടിവ് മെമ്പറുമായിരുന്ന സുധീഷിന്റെ ഓര്‍മ്മയ്ക്കായി മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സ് ബാഡിമിന്റണ്‍ മത്സരം സംഘടിപ്പിക്കുന്നു.


റിസോര്‍ട്ട്,  ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി സംരംഭകരുടെ സംഘടനായായ മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സിലെ നിറസാന്നിധ്യമായിരുന്നു സുധീഷ്. അകാലത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സുധീഷിന്റെ കുടംബത്തിന് ‘കൈത്തിരി’ എന്ന പേരില്‍ ഇതിന് മുമ്പും ആദരം നല്‍കിയിരുന്നു.

ആഗസ്റ്റ് 4, 5 തീയതികളില്‍ അടിമാലിയിലെ ഈസ്റ്റേണ്‍ ഫാം യാര്‍ഡിന് സമീപമുള്ള  ഏയ്സ് ബാഡ്മിന്റന്‍ അക്കാഡമിയില്‍ നടക്കുന്ന സുധീഷ് മെമ്മോറിയല്‍ ടൂറിസം ബാഡ്മിന്റണ്‍ മത്സരത്തിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ബ്ലാങ്കറ്റ് മൂന്നാറാണ്. മത്സരത്തില്‍ വിജയികള്‍ക്കുള്ള ഒന്നാം സമ്മാനമായ 20000 രൂപ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് യുണിക്ക് ക്ലോത്താണ്. സ്‌പൈസ് കണ്‍ട്രിയാണ് എവര്‍ റോളിങ് ട്രോഫി സ്‌പോണ്‍സര്‍ ചെയുന്നത്.

ആഗ്സ്റ്റ് 4ന് രാവിലെ പത്ത് മണിക്ക് അടിമാലി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാബു പി കെ മത്സരം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ടൂറിസം മേഖലയിലെ 32 ടീമുകളുടെ മത്സരം നടക്കും. മത്സരത്തിന്റെ അവസാന ദിവസമായ ആഗസ്റ്റ് 5ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് വിജയികള്‍ക്കുള്ള സമ്മാന ദാനം കേരള ടൂറിസം റീജണല്‍ ജോയിന്റ് ഡയറക്ടര്‍ നന്ദകുമാര്‍ കെ പിയുടെ നേതൃത്വത്തല്‍ നടക്കും.


കെ ഷൈന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (ടൂറിസം), വി വി ജോര്‍ജ് (എം എച്ച് ആര്‍ എ പ്രസിഡന്റ്), സ്‌കറിയ ജോസ് (കേരള ട്രാവല്‍ മാര്‍ട്ട് മാനേജ്‌മെന്റ് കമ്മറ്റി മെമ്പര്‍), അഡ്വക്കേറ്റ് ബാബു ജോര്‍ജ് (സ്മാര്‍ട്ട് മൂന്നാര്‍ പ്രസിഡന്റ്), എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

തുടര്‍ന്ന് മൂന്ന് മണിയ്ക്ക് ശേഷം കേരള ടൂറിസം ടസ്‌ക്കേഴ്‌സും മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സും തമ്മില്‍ സൗഹൃദ ക്രിക്കറ്റ് മത്സരം നടക്കും.