Kerala

കുട്ടനാട്ടിലെ പ്രളയമേഖലയിൽ കാരുണ്യത്തിന്റെ കരങ്ങളുമായി അറ്റോയ്

കുട്ടനാട്ടിലെ പ്രളയ ബാധിത മേഖലയിൽ അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) സഹായം തുടരുന്നു.

കഴിഞ്ഞ ദിവസം ദുരിതാശ്വാസ ക്യാമ്പുകളിൽ കുപ്പിവെള്ളമെത്തിച്ച ടൂറിസം മേഖലയിലെ ഈ പ്രബല സംഘടന ഇന്ന് കൂടുതൽ സഹായങ്ങളെത്തിച്ചു.

കൈനകരി അടക്കം കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിലെ ക്യാമ്പുകളിലാണ് അറ്റോയ് സഹായമെത്തിച്ചത്.

കിറ്റ്സ്, താജ് ഗ്രൂപ്പ്, കോൺഫെഡറേഷൻ ഓഫ് അക്രഡിറ്റഡ് ടൂർ ഓപ്പറേറ്റേഴ്സ് (സിഎടിഒ), അസോസിയേഷൻ ഓഫ് ടൂറിസം പ്രൊഫഷണൽസ് (എ ടി പി ) എന്നിവയും അറ്റോയിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈകോർത്തു.

അറ്റോയ് പ്രസിഡന്റ് പി കെ അനീഷ് കുമാർ, വൈസ് പ്രസിഡന്റ് സി എസ് വിനോദ് , ബേബി മാത്യു സോമതീരം, ഹിരൺ, എസ് എൽ പ്രദീപ്, തുടങ്ങിയവർ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യാൻ നേതൃത്വം നൽകി.

വെള്ളക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടനാടൻ ജനതക്ക് അറ്റോയ് നൽകുന്ന സഹായഹസ്തത്തെ ആലപ്പുഴ ജില്ലാ കളക്ടർ സുഹാസും ഡെപ്യൂട്ടി കളക്ടർ മുരളീധരൻ നായരും അഭിനന്ദിച്ചു. വിനോദ സഞ്ചാരത്തിനു പേരുകേട്ട ആലപ്പുഴയുടെ കണ്ണീരൊപ്പാൻ വിനോദ സഞ്ചാര മേഖലയിലെ പ്രമുഖ സംഘടന തന്നെ മുന്നോട്ടുവന്നത് പ്രശംസനീയമാണെന്ന് കളക്ടർ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.

ക്യാമ്പുകളിൽ കഴിയുന്നവർക്ക് വലിയ കാനുകളിൽ കുടിവെള്ളം, പുത്തൻ വസ്ത്രങ്ങൾ, ക്ലീനിംഗ് സാമഗ്രികൾ, വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ, സ്കൂൾ ബാഗുകൾ എന്നിവ അറ്റോയ് വിതരണം ചെയ്തു..

ക്യാമ്പുകളിലെ സ്ഥിതി ഇനിയും മെച്ചപ്പെടണമെന്ന് അറ്റോയ് സംഘം വിലയിരുത്തി. വെള്ളം ഇറങ്ങാൻ ഇനിയും സമയമെടുക്കും. ഇനി ഊന്നൽ നൽകേണ്ടത് പകർച്ചവ്യാധി ഭീഷണി മറികടക്കുന്നതിനാണ്. അതിനുള്ള പ്രതിരോധ മരുന്നുകൾ സമാഹരിക്കാൻ അറ്റോയ് മുൻകൈ എടുക്കുമെന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള സി എസ് വിനോദ് ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.

ആലപ്പുഴയും കുട്ടനാടും കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തിൽ നിർണായക പങ്കുള്ള ഇടമാണ്. സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലക്ക് ജീവവായു നൽകുന്ന കുട്ടനാടിനെ പൂർവ സ്ഥിതിയിലാക്കൽ മാത്രമല്ല സഹജീവി സ്നേഹമാണ് അറ്റോയ് യുടെ മുഖ്യ പരിഗണനയെന്ന് പ്രസിഡന്റ് പി കെ അനീഷ് കുമാറും സെക്രട്ടറി വി. ശ്രീകുമാര മേനോനും പറഞ്ഞു.