Kerala

പച്ചപ്പണിഞ്ഞ് നെല്ലിയാമ്പതി

മഴയില്‍ കുതിര്‍ന്ന പച്ചപ്പ് പുതച്ച നെല്ലിയാമ്പതി മലനിരകള്‍ എന്നും സഞ്ചാരികളുടെ സ്വപ്‌ന ഭൂമിയാണ്. പാലക്കാട് ടൗണില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള സുന്ദര സ്ഥലമാണ് നെല്ലിയാമ്പതി. നെന്മാറയില്‍നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള സഞ്ചാരികളെ കാത്തിരിക്കുന്നത് നിരവധി ദൃശ്യങ്ങളാണ്.

പോത്തുണ്ടി ഡാമിനരികിലൂടെ നെല്ലിയാമ്പതിയിലേക്ക് കയറുമ്പോള്‍ കാണുന്ന കാഴ്ചകള്‍ മതിവരാത്തതും കമനീയവുമാണ്. ഹെയര്‍പിന്‍ വളവുകള്‍ കയറി കൈകാട്ടിയിലെത്തുമ്പോഴേക്കും കൗതുകമായി കുരങ്ങും മയിലും മാനും ഒക്കെയുണ്ട് . ഒപ്പംതന്നെ വെള്ളച്ചാട്ടങ്ങളും ചെറിയ അരുവികളും മലനിരകളുമൊക്കെ കാഴ്ചയ്ക്ക് മിഴിവേകുന്നു.

കൈകാട്ടിയിലെത്തിയാല്‍ നെല്ലിയാമ്പതിയായി. അവിടെനിന്ന് മുന്നോട്ടു പോയാല്‍ പുലയമ്പാറ, പാടഗിരി ജങ്ഷനുകളിലെത്തും. അവിടെനിന്ന് നൂറടി ജങ്ഷനിലൂടെ കാരപ്പാറയിലേക്കും അലക്‌സാന്‍ഡ്രിയ എസ്‌റ്റേറ്റിലേക്കും പോകാം. പാടഗിരിവഴി ചെന്നാല്‍ സീതാര്‍കുണ്ടിലെത്താന്‍ കഴിയും. അവിടെയുള്ള നെല്ലിമരത്തണലില്‍നിന്ന് നോക്കിയാല്‍ പാലക്കാട്, കോയമ്പത്തൂര്‍ ജില്ലകളുടെ മനോഹര ദൃശ്യം കാണാം.

നെന്മാറയില്‍നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിലെ ഹെയര്‍പിന്‍ വളവുകളും ആസ്വദിക്കേണ്ടവയാണ്. ഇടക്കിടെ കാണുന്ന അരുവികള്‍ വെള്ളിക്കൊലുസുപോലെ തോന്നും. പാവങ്ങളുടെ ഊട്ടിയെന്നാണ് നെല്ലിയാമ്പതി അറിയപ്പെടുന്നത്. യാത്രക്കിടെ കാണുന്ന ഓറഞ്ച് തോട്ടങ്ങള്‍ നെല്ലിയാമ്പതിയുടെ മാത്രം പ്രത്യേകതയാണ്. മാത്രമല്ല, നിരവധി തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളുമുണ്ട്.

ബോട്ടിങ് സൗകര്യമുള്ള പോത്തുണ്ടി ഡാം മറ്റൊരു പ്രത്യേകതയാണ്. ഒപ്പം പക്ഷികളും പൂക്കളും ഔഷധസസ്യങ്ങളും നെല്ലിയാമ്പതിയുടെ പ്രത്യേകതയാണ്. പകല്‍ മാത്രമല്ല, രാത്രിയില്‍ കാട്ടിനുള്ളിലൂടെ വന്യ മൃഗങ്ങളെ തേടിയുള്ള ട്രക്കിങ് മറക്കാനാകാത്ത അനുഭവമായിരിക്കും. പാടഗിരി മലയാണ് നെല്ലിയാമ്പതിയിലെ ഏറ്റവും ഉയരമുള്ളത്. വിനോദ സഞ്ചാരികള്‍ക്ക് താമസിക്കാനൊക്കെയായി നിരവധി റിസോര്‍ട്ടുകളും ഇവിടെയുണ്ട്.