News

ഫോര്‍വേഡ് മെസേജുകള്‍ക്ക് പരിധി നിശ്ചയിച്ച് വാട്‌സ് ആപ്

വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് കൂടുതല്‍ കര്‍ശന നടപടികളുമായി വാട്‌സ് ആപ്. ഒരു മെസേജ് തന്നെ ഫോര്‍വേഡ് ചെയ്യുന്നതിന് പരിധി നിശ്ചയിക്കാനാണ് വാട്‌സ് ആപ്പിന്റെ പദ്ധതി. വാട്‌സ് ആപില്‍ ഇനി വരുന്ന മെസേജുകള്‍ ഒരു ഉപയോക്താവിന് അഞ്ച് പേര്‍ക്ക് മാത്രമേ ഫോര്‍വേഡ് ചെയ്യാനാകൂ. ഈ സംവിധാനം ആപിനൊപ്പം കൂട്ടിചേര്‍ക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ടെക്സ്റ്റ്, ചിത്രങ്ങള്‍, വീഡിയോ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമാണ്.


വ്യജ വാര്‍ത്ത തടയണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ രണ്ടാമത്തെ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കാന്‍ വാട്‌സ് ആപ് നിര്‍ബന്ധിതമായത്. വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ രാജ്യത്തെ ആള്‍ക്കൂട്ട കൊലകള്‍ക്ക് കാരണമായതിനെ തുടര്‍ന്നാണ് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ സുപ്രീം കോടതിയും രംഗത്ത് വന്നിരിന്നു.

നേരത്തെ വ്യാജ വാര്‍ത്തകളെ തടയുന്നതിനായി വാട്‌സ് ആപ് ഫോര്‍വേഡ് മെസേജുകള്‍ക്ക് മുകളില്‍ പ്രത്യേക ലേബല്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ വാര്‍ത്തകള്‍ തടയുന്നതിനായി വാട്‌സ് ആപിന്റെ പുതിയ നീക്കം.