Special

യാക്കുസ സഞ്ചരിച്ചു 25 രാജ്യങ്ങളില്‍; ഒപ്പം മുള സൈക്കിളും

യാക്കുസ സോളോ തന്റെ മുള സൈക്കിളുമായി ലോകം ചുറ്റാനിറങ്ങിയിട്ട് കുറച്ചുകാലമായി. നാഗാലാന്റുകാരനാണ് ഈ യുവാവ്. യാത്രയുടെ ലക്ഷ്യം കുറച്ച് വിചിത്രമാണ്. തന്റെ നാടായ നാഗാലാന്റിനെ കുറിച്ച്, അവിടുത്തെ ജനങ്ങളെ കുറിച്ച്, സംസ്‌കാരത്തെ കുറിച്ച് ഒക്കെ ലോകത്തെ അറിയിക്കുകയെന്നതാണ് യാക്കുസയുടെ ലക്ഷ്യം.

തന്റെ യാത്രയെ കുറിച്ച് യാക്കുസ പറയുന്നതിങ്ങനെ: ആദ്യമായി ഈ മുള സൈക്കിള്‍ കാണുമ്പോള്‍ ആള്‍ക്കാര്‍ക്ക് അദ്ഭുതം തോന്നും. ഇതുപോലൊരു സൈക്കിള്‍ കണ്ടിട്ടേയില്ലെന്ന് പറഞ്ഞ് അടുത്തു വരും. ഫോട്ടോയെടുക്കലാവും അടുത്ത ലക്ഷ്യം. അങ്ങനെ ഫോട്ടോയൊക്കെ എടുത്ത് കഴിയുമ്പോ അവര്‍ വലിയൊരു സംഭാഷണം തുടങ്ങും. ഈ സൈക്കിള്‍ എവിടെ നിന്നുണ്ടാക്കിയതാണെന്ന് ചോദിക്കും. ഞാന്‍ പറയും, ഇത് നാഗാലാന്റില്‍ വച്ച് നിര്‍മ്മിച്ചതാണ്. അതും സ്വയം ഉണ്ടാക്കിയത്. പിന്നീട്, ഞാനെന്റെ കൊച്ചുനാടിനെ കുറിച്ച് പറയും. അവിടുത്തെ ജീവിതം, അവിടുത്തെ മനുഷ്യര്‍, കല എല്ലാം…

അഭ്യുദയാകാംക്ഷികള്‍ നല്‍കുന്ന പണത്തോടൊപ്പം സര്‍ക്കാരിന്റെ സഹായവുമുണ്ട് യാക്കുസയ്ക്ക്. എട്ട് മാസത്തിനുള്ളില്‍ 25 രാജ്യങ്ങള്‍, 13,000 കിലോമീറ്റര്‍ സഞ്ചരിച്ചു കഴിഞ്ഞു യാക്കുസ.

ഇന്ത്യക്കാരാല്‍ തന്നെ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോവുന്ന സ്ഥലമാണ് നാഗാലാന്റ്. ഒരുപാട് നല്ല മനുഷ്യരും സംസ്‌കാരവുമൊക്കെയുള്ള നാടാണത്. അത് വേണ്ടത്ര ശ്രദ്ധിക്കപ്പെടണം. അതിനായി യാത്ര തുടരുമെന്നാണ് യാക്കുസ പറയുന്നത്.