Kerala

നെഹ്റുട്രോഫി ജലമേളയില്‍ സച്ചിന്‍ മുഖ്യാതിഥിയാകും

നെഹ്റുട്രോഫി ബോട്ടുറേസില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന ഒമ്പത് ചുണ്ടന്‍ വള്ളങ്ങളായിരിക്കും കേരള ബോട്ട് ലീഗിന്റെ ഭാഗമായുള്ള മത്സരങ്ങളിലും മാറ്റുരയ്ക്കുകയെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. 66ാമത് നെഹ്റുട്രോഫിക്ക് മുന്നോടിയായുള്ള ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള ബോട്ട് ലീഗ് ഈ വര്‍ഷം ആരംഭിക്കും. നെഹ്റു ട്രോഫി വള്ളംകളിയില്‍ നിന്ന് ആരംഭിച്ച് കൊല്ലം പ്രസിഡന്റ് ട്രോഫിയില്‍ അവസാനിക്കുന്ന വിധമായിരിക്കും ക്രമീകരണം. അതിനായി പ്രത്യേകം യോഗ്യതാമത്സരങ്ങള്‍ ഇല്ല. നെഹ്റുട്രോഫിയില്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ അവസരം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

ടൂറിസം വകുപ്പാണ് കെ.ബി.എല്ലിന് നേതൃത്വം നല്‍കുക. ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇത്തവണ നെഹ്റു ട്രോഫിക്ക് മുഖ്യാതിഥിയായി പങ്കെടുക്കാമെന്ന് ഉറപ്പ് നല്‍കിയാതായും മന്ത്രി യോഗത്തെ അറിയിച്ചു.

പണം കൊടുത്ത് വള്ളംകളി കാണാനെത്തുന്നവര്‍ക്ക് പ്രത്യേക മേഖല തിരിച്ച് എല്ലാ സൗകര്യങ്ങളും നല്‍കുമെന്ന് ധനമന്ത്രി ജനറല്‍ ബോഡി യോഗത്തില്‍ പറഞ്ഞു. നെഹ്റു ട്രോഫിക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ബുക്ക് ചെയ്യുന്നതിന് ആപ്ലിക്കേഷന്‍ ഉണ്ടാകും. ഇത്തവണ ആദ്യമായി ഫിനിഷിംഗ് കൃത്യത ഉറപ്പു വരുത്തുന്നതിനായി ഫോട്ടോ ഫിനിഷ് സംവിധാനം നടപ്പിലാക്കാന്‍ ജനറല്‍ബോഡി യോഗം തീരുമാനിച്ചു.

സ്റ്റാര്‍ട്ടിങ് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ഫോട്ടോ സ്റ്റാര്‍ട്ടിങ് പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ടിങ്ങിന്റെ പിഴവുകള്‍ ഇല്ലാതാക്കുന്നതിനുവേണ്ടി ട്രാക്കില്‍ പാലിക്കേണ്ട അച്ചടക്കം സംബന്ധിച്ച് കൃത്യമായ പെരുമാറ്റച്ചട്ടം രൂപപ്പെടുത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ചട്ടങ്ങള്‍ രൂപപ്പെടുത്തുന്നതിന് വേണ്ടി ഒരു സബ് കമ്മിറ്റിയെ നിയമിക്കാനും ജനറല്‍ബോഡി യോഗം തീരുമാനിച്ചിട്ടുണ്ട്.

സ്പോണ്‍സര്‍ഷിപ്പിന് ശ്രമിക്കുന്നുണ്ടെന്നും ഇത്തവണ നേരത്തെ തന്നെ ഒരു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നെഹ്റു ട്രോഫിക്കായി നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ആദ്യമായി ഗ്രീന്‍ പ്രോട്ടോകോള്‍ പൂര്‍ണമായി പാലിച്ചു കൊണ്ടായിരിക്കും നെഹ്റു ട്രോഫി വള്ളംകളി നടക്കുക. ഇതിന് ആലപ്പുഴ നഗരസഭ നേതൃത്വം നല്‍കും. മലിനീകരണത്തിന് എതിരെയുള്ള സന്ദേശം കൂടിയാവും ഇത്തവണത്തെ വള്ളംകളിയെന്ന് മന്ത്രി പറഞ്ഞു.

ജനറല്‍ ബോഡി യോഗത്തില്‍ എന്‍.ടി.ബി.ആര്‍.സൊസൈറ്റി ചെയര്‍മാന്‍ ജില്ലാകളക്ടര്‍ എസ്.സുഹാസ്, നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, എന്‍.ടി.ബി.ആര്‍.സൊസൈറ്റി സെക്രട്ടറി സബ്കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ, മുന്‍ എം.എല്‍.എമാരായ സി.കെ.സദാശിവന്‍, കെ.കെ.ഷാജു, വിവിധ സബ്കമ്മറ്റി കണ്‍വീനര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.