News

തീവണ്ടി വൈകിയോ 138ലേക്ക് വിളിക്കൂ

തീവണ്ടികള്‍ വൈകിയാല്‍ 138 എന്ന ടോള്‍ഫ്രീ നമ്പറില്‍ പരാതിപ്പെടണമെന്ന് ദക്ഷിണ റെയില്‍വേ. ഈ നമ്പറില്‍ വിളിച്ചാല്‍ എന്തുകൊണ്ടാണ് വണ്ടി വൈകുന്നതെന്ന് കൃത്യമായി അറിയിക്കും.

138-ലേക്ക് വിളിക്കുന്നവരുടെ പരാതികള്‍ കേള്‍ക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കാനുമായി പ്രത്യേക കണ്‍ട്രോള്‍മുറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ദക്ഷിണറെയില്‍വേ ഓപ്പറേഷന്‍ വിഭാഗം അറിയിച്ചു. തീവണ്ടിയാത്രയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ഈ നമ്പറില്‍ അറിയിക്കാമെന്നും എന്നാല്‍, ഇതില്‍ വിളിക്കുന്നവരുടെ എണ്ണം തുലോം തുച്ഛമാണെന്നും അധികൃതര്‍ പറഞ്ഞു.

തീവണ്ടിയില്‍ വെള്ളമില്ലെന്നാണ് പരാതിയെങ്കില്‍ അടുത്ത റെയില്‍വേ ജങ്ഷനില്‍വെച്ച് വെള്ളം നിറച്ചശേഷമേ തീവണ്ടി യാത്രപുറപ്പെടൂ. വിളിക്കുമ്പോള്‍ ടിക്കറ്റിന്റെ പി.എന്‍.ആര്‍. നമ്പറും തീവണ്ടിയുടെ നമ്പറും അറിയിക്കണം. എല്ലാ റെയില്‍വേ ഡിവിഷനുകള്‍ കേന്ദ്രീകരിച്ചും പരാതി പരിഹരിക്കാനുള്ള കണ്‍ട്രോള്‍മുറി പ്രവര്‍ത്തിക്കുന്നുണ്ട്.

ദക്ഷിണ റെയില്‍വേയില്‍ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ തീവണ്ടികള്‍ വൈകിയോടുന്നത് പതിവാണ്. പാതനവീകരണം പൂര്‍ത്തിയായിട്ടില്ലെന്നാണ് റെയില്‍വേയുടെ വിശദീകരണം. ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ട് തീവണ്ടികള്‍ വൈകുന്നുണ്ടോയെന്ന് അറിയാനാണ് 138-ല്‍ വിളിച്ച് പരാതിപ്പെടാന്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്.

ഈ നമ്പറില്‍ വിളിച്ചിട്ടും കൃത്യമായ മറുപടി ലഭിച്ചില്ലെങ്കില്‍ ദക്ഷിണറെയില്‍വേയുടെ പരാതിപരിഹാര സെല്ലില്‍ എഴുതി അയയ്ക്കാം. സുരക്ഷാസംബന്ധമായ പരാതികള്‍ക്ക് വിളിക്കേണ്ട നമ്പര്‍ 182 ആണ്. യാത്രയുമായി ബന്ധപ്പെട്ട ഏത് പരാതിയും അരമണിക്കൂറിനുള്ളില്‍ പരിഹരിക്കുമെന്നാണ് ദക്ഷിണറെയില്‍വേ അവകാശപ്പെടുന്നത്.