Kerala

യോഗികളെ ധ്യാനത്തിലാക്കി മൂന്നാറും മുനിയറയും

യോഗയുമായി പുരാതന കാലം മുതൽ കേരളത്തിന് ബന്ധമുണ്ടായിരുന്നതിന്റെ ശേഷിപ്പുകളായ മുനിയറകളിൽ മനസുടക്കി യോഗികൾ. അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിച്ച യോഗ അംബാസഡേഴ്സ് ടൂറിൽ പങ്കെടുക്കുന്നവരാണ് മുനിയറകളുടെ ശാന്തതയിൽ മനസുടക്കിയത്.

നവീന ശിലായുഗത്തേതാണ് മുനിയറകളെന്നാണ് ഗവേഷകരുടെ അനുമാനം.

കുത്തനെയുള്ള കയറ്റിറക്കങ്ങളും കൊടും വളവും നിറഞ്ഞ പാതയിലൂടെ ജീപ്പുകളിലാണ് സംഘം മുനിയറകളിലെത്തിയത്.

മുനിയറ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ശാന്തത യോഗാ സംഘത്തെ ആകർഷിച്ചു. സംഘത്തിലുള്ളവർ പലേടത്തായി ധ്യാന നിരതരായി. കോൺസ്റ്റയിൻ , ഒട്ടാ എന്നിവർ ശാന്തത തേടി മലമുകളിലേക്ക് പോയി.

കേരളത്തില്‍ യോഗയ്ക്കും ധ്യാനത്തിനും ഏറ്റവും അനുയോജ്യമായ സ്ഥലമാണ് മുനിയറകള്‍ എന്ന് അറ്റോയി പ്രസിഡന്റ് അനീഷ് കുമാര്‍ പി കെ പറഞ്ഞു.

യോഗയുടെ ജന്മസ്ഥലമെന്ന് അറിയപ്പെടുന്ന മുനിയറകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ യോഗ വിദഗ്ധര്‍ യോഗ ചെയ്യുന്നത് കാണുമ്പോള്‍ അതിയായ സന്തോഷം തോന്നുന്നു എന്ന് പ്രതിനിധി സംഘത്തെ പരിശീലിപ്പിക്കാന്‍ ആയുഷ് മന്ത്രാലയം നിയമിച്ച യോഗാധ്യാപകന്‍ ഡോ. അരുണ്‍ തേജസ് പറഞ്ഞു.

മഞ്ഞും നനുത്ത കാലാവസ്ഥയുമുള്ള മുനിയറ ഇനിയും സന്ദര്‍ശിക്കുമെന്ന് യോഗ പ്രതിനിധികളായ കരിറ്റയും, ശക്തിയും, ലിസയും പറഞ്ഞു.

മൂന്നാറിൽ യോഗ സംഘത്തിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. ഷോ കേസ് മൂന്നാർ , മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്സ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.