News

മണം നിറച്ച് മനം നിറച്ച തേക്കടി പിന്നിട്ട് യോഗ ടൂർ സംഘം മൂന്നാറിൽ

തേക്കടിയിലും യോഗാ ടൂറിസത്തിന് സാധ്യതകളുണ്ടെന്ന് യോഗാ വിദഗ്ധർ . അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) നയിക്കുന്ന യോഗാ അംബാസഡേഴ്സ് ടൂർ സംഘത്തിലുള്ളവരാണ് തേക്കടിയുടെ യോഗാ സാധ്യതയെക്കുറിച്ച് വാചാലരായത്.

മനം നിറച്ച് മണം നിറച്ച് തേക്കടി

സുഗന്ധ വിളകളുടെ നാടായ തേക്കടി ആ നിലയിലും യോഗാ വിദഗ്ധരെ ആകർഷിച്ചു. യോഗ ടൂറിസത്തിന് യോജിച്ച ഇടമാണ് തേക്കടിയെന്ന് ജർമനിയിൽ നിന്നെത്തിയ ബാർബര ക്ലേമാൻ പറഞ്ഞു. ഇന്ത്യയിലേക്ക് യോഗ ടൂറിസ്റ്റുകളെ എത്തിക്കുന്ന യോഗ സെറീൻ എന്ന സ്ഥാപനം നടത്തുകയാണ് ബാർബര .നല്ല പ്രകൃതി, ശുദ്ധവായു, മികച്ച താമസ സൗകര്യങ്ങൾ ഇവയെല്ലാം തേക്കടിയിലുണ്ട്. ഇനി ജർമൻ സഞ്ചാരികളോട് തേക്കടി തെരഞ്ഞെടുക്കാൻ നിർദേശിക്കുമെന്നും ബാർബര ക്ലേമാൻ പറഞ്ഞു.

ആതിഥ്യം അതിഗംഭീരം

തേക്കടി യോഗാ അംബാസിഡർമാരുടെ മനം നിറച്ചു. കുമിളിയിലെ സ്വീകരണം മുതൽ കർമേലിയ ഹാവൻസിലെ വിരുന്നു വരെ തേക്കടി യുടെ സ്നേഹ സ്പർശം യോഗാ അംബാസിഡർമാരുടെ മനസ് തൊടുന്നതായിരുന്നു .തേക്കടി ടൂറിസം കോ ഓർഡിനേഷൻ കമ്മിറ്റിയും തേക്കടി ഡെസ്റ്റിനേഷൻ പ്രൊമോഷൻ കൗൺസിലുമായിരുന്നു തേക്കടിയിൽ യോഗ ടൂർ ആതിഥേയർ .തേക്കടി തടാകത്തിലെ ബോട്ടിംഗും തടാക മധ്യത്തിലെ ലേക്ക് പാലസിലെ പ്രഭാത ഭക്ഷണവും വേറിട്ട അനുഭവമായി .

കർമേലിയ ഹാവൻസിൽ ഒരുക്കിയ വാഴയില സദ്യയും വിദേശ യോഗാ വിദഗ്ധർക്ക് പുതുമയായി. കർമേലിയ ഹാവൻസ് വളപ്പിലെ പച്ചക്കറി വിഭവങ്ങൾ കൊണ്ടായിരുന്നു സദ്യ .ഷെഫ് അജുവാണ് കേരളീയ വിഭവങ്ങളുമായി സദ്യ ഒരുക്കിയത്. കർമേലിയ ഹാവൻസ് ഡയറക്ടർ സ്കറിയ ജോസ്, തേക്കടി ഡെസ്റ്റിനേഷൻ പ്രൊമോഷൻ കൗൺസിൽ ജനറൽ സെക്രട്ടറി ജിജു ജയിംസ് എന്നിവർ നേതൃത്വം നൽകി.