Kerala

ഇടുക്കിയില്‍ കനത്തമഴ: തേക്കടിയില്‍ ബോട്ടിങ് നിര്‍ത്തി

കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്ത് മഴക്കെടുതിയും വര്‍ധിക്കുന്നു. വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. മലങ്കര ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യയുളളതിനാല്‍ തൊടുപുഴയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കി.

ഹൈറേഞ്ചില്‍ വന്‍ കൃഷി നാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലയിടത്തും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു വീണു. ശക്തമായ മഴയെത്തുടര്‍ന്നു തേക്കടിയില്‍ ബോട്ടിങ് നിര്‍ത്തി. ഇന്ന് ഉച്ച മുതല്‍ സര്‍വീസ് ഇല്ല.

തുടര്‍ച്ചയായി പെയ്യുന്ന മഴ കാരണം നെയ്യാര്‍ ഡാമില്‍ പരമാവധി ശേഷിയുടെ അടുത്തേക്കു വെള്ളത്തിന്റെ അളവ് എത്തി. അണക്കെട്ടിന്റെ ഷട്ടറുകള്‍ ഏതുനിമിഷവും തുറക്കാവുന്ന അവസ്ഥയിലാണ്.

അതിനാല്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, കരമനയാര്‍, കിള്ളിയാര്‍ എന്നിവിടങ്ങളില്‍ കുളിക്കുന്നതോ ഇറങ്ങുന്നതോ ഒഴിവാക്കണമെന്നും കുട്ടികള്‍ ഇവിടങ്ങളില്‍ ഇറങ്ങാതെ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. അറുപതു കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും മല്‍സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.