Kerala

സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കാന്‍ ഇടുക്കിയിലെ ജലപാതകള്‍

മഴക്കാലമായതോടെ ജില്ലയിലെ വെള്ളച്ചാട്ടങ്ങള്‍ എല്ലാം ഇപ്പോള്‍ ജലസമൃദ്ധിയിയില്‍ നിറഞ്ഞെഴുകുകയാണ്. സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ എങ്ങും നയനമനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്. കാടിന്റെ പച്ചത്തലപ്പുകളെ വകഞ്ഞുമാറ്റി കരിമ്പാറകെട്ടുകളില്‍ ആര്‍ത്ത് തല്ലിപതഞ്ഞ് വെള്ളച്ചാട്ടങ്ങള്‍ സജീവമായി.


പൂപ്പാറ മൂന്നാര്‍ റോഡില്‍ പെരിയകനാല്‍ വെള്ളച്ചാട്ടത്തിനുമുണ്ട് കാനനത്തിന്റേതായ ചാരുത. ടാറ്റാ ടീയുടെ പെരിയ കനാല്‍ എസ്റ്റേറ്റിന്റെ അതിര്‍ത്തിയിലുള്ള തേയില തോട്ടത്തിന്റെ പച്ചപ്പും കുളിര്‍മയും സഞ്ചാരികളിലേക്കും അനുഭൂതിയായി ഒഴുകിയിറങ്ങുന്നു. അതിമനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് മൂന്നാറിനു സമീപം സ്ഥിതി ചെയ്യുന്ന തൂവാനം വെള്ളച്ചാട്ടം.

ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ പാമ്പാറിലാണ് തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മൂന്നാറില്‍ നിന്നും ഉദുമല്‍പേട്ടിലേക്കുള്ള വഴിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ലക്കം വെള്ളച്ചാട്ടം.

ട്രക്കിങ്ങില്‍ താല്‍പര്യമുള്ളവര്‍ക്ക് പോകാന്‍ പറ്റിയ ഒരിടമാണ് ഇടുക്കിയിലെ അട്ടുകാട് ജലപാതം. മൂന്നാറിനു സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് പവര്‍ഹൗസ് വെള്ളച്ചാട്ടം. പീരുമേടിന് സമീപം സ്ഥിതി ചെയ്യുന്ന മദാമ്മക്കുളം വെള്ളച്ചാട്ടത്തിനുമുണ്ട് പറയാന്‍ ചരിത്രമേറെ.

ജില്ലയിലെ ഏതു ഭാഗത്തൂടി യാത്ര ചെയ്താലും ഒരു കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ ചെറുതോ വലുതോ ആയ ഒരു വെള്ളച്ചാട്ടമെങ്കിലും കാണാന്‍ സാധിക്കും. നാട്ടുകാര്‍ക്കുമാത്രം അറിയുന്നതും വിദേശികളുള്‍പ്പെടെയുള്ളവര്‍ തേടിയെത്തുന്നതുമടക്കം നൂറുകണക്കിന് വെള്ളച്ചാട്ടങ്ങള്‍ കൂടിയുണ്ട്.

കേരളത്തിലെ മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് തൊടുപുഴയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം. എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് കീഴാര്‍കുത്ത് വെള്ളച്ചാട്ടം. തൊടുപുഴ കരിമണ്ണൂര്‍ ഉടുമ്പന്നൂര്‍ ചീനിക്കുഴി മലയിഞ്ചിവഴിയാണ് കീഴാര്‍കുത്ത് വെള്ളച്ചാട്ടത്തിലെത്തിച്ചേരുക.

കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിനും അടിമാലിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് ചീയപ്പാറ വെള്ളച്ചാട്ടം. ഏഴുതട്ടുകളിലായി പതിക്കുന്ന ഈ വെള്ളച്ചാട്ടം വര്‍ഷകാലത്ത് സമൃദ്ധമാണ്. ചേലച്ചുവട് കടന്നാല്‍ പിന്നെ പെരിയാര്‍വാലി പദ്ധതി പ്രദേശമായ ഇഞ്ചവരകുത്ത്.

സാഹസികര്‍ക്ക് എന്നും മന്നാത്തിപ്പാറയുടെ കീഴെയുള്ള ഇഞ്ചവരകുത്തിലേ വഴക്കലുള്ള പാറകളിലൂടെ ഇഞ്ചവരകുത്തിലിറങ്ങാം. അതിനും മുകളിലായി അട്ടിക്കുളം റൂട്ടില്‍ കരിമ്പന്‍കുത്ത് ജലപാതവും. അണക്കെട്ടിനും പാംബ്ലയ്ക്കുമിടയിലുള്ള പ്രകൃതിദത്ത ശുദ്ധജലതടാകം മൂന്ന് തട്ടായി പാറയില്‍ തട്ടിപതഞ്ഞ് ചാടുന്നു.

പെരിയാര്‍ നദിയില്‍ ജലനിരപ്പ് ഉയരുന്നതനുസരിച്ച് തടാകവും ജലപാതവും കൂടുതല്‍ വിസ്തൃതമാകുന്നു. പരിസരത്തെ സ്‌കൂളുകള്‍ നീന്തല്‍മത്സരങ്ങള്‍ക്കും വേനല്‍ക്കാല നീന്തല്‍ ക്യാമ്പിനും ആശ്രയിക്കുന്നതും കരിമ്പന്‍കുത്ത് തടാകത്തെയാണ്നിത്യജലസുലഭമായ വെള്ളച്ചാട്ടങ്ങളാണ് പെരിയാര്‍ ഇവിടെ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.

കോട്ടയം കുമളി റൂട്ടില്‍ മുറിഞ്ഞപുഴയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം. ഹെയര്‍പിന്‍ വളവില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം തൊട്ടടുത്തെത്തിയാല്‍ മാത്രമേ കാണാന്‍ സാധിക്കൂ.