News

നവീകരിച്ച കോയിക്കല്‍ കൊട്ടാരം വിനോദ സഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തു

പുരാവസ്തു വകുപ്പിന്‍റെ സംരക്ഷിത സ്മാരകവും മ്യൂസിയവുമായ നവീകരിച്ച നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിനോദസഞ്ചാരികള്‍ക്ക് സമര്‍പ്പിച്ചു. വേണാട് രാജവംശത്തിലെ ഉമയമ്മ റാണിക്കായി പണികഴിപ്പിച്ച കൊട്ടാരമാണ് കോയിക്കല്‍. നാലുകെട്ടിന്‍റെ ആകൃതിയില്‍ ചെരിഞ്ഞ മേല്‍ക്കൂരയും അതിനെ താങ്ങുന്ന ഒറ്റത്തൂണും ചേര്‍ന്നതാണ് കൊട്ടാരത്തിന്‍റെ നിര്‍മിതി.

1670കളിൽ വേണാടിന്‍റെ റീജന്‍ഡായിരുന്ന ഉമയമ്മറാണിയുടെ കൊട്ടാരമാണിതെന്നു കരുതുന്നു. മുകിലൻ എന്ന പോരാളി റാണിയുടെ ഭരണകാലത്ത് തിരുവനന്തപുരത്തിനു സമീപം സൈന്യസമേതം ആക്രമിച്ച് മണകാട് തമ്പടിച്ചു. അതോടെ റാണിക്ക് തിരുവനന്തപുരം വിട്ട് നെടുമങ്ങാട് നിലയുറപ്പിക്കേണ്ടി വന്നു. അന്നു പണിത കോട്ടാരമാണിതെന്നാണ് കരുതുന്നത്. കൊട്ടാരം ഇപ്പോള്‍ കേരളസർക്കാരിന്‍റെ ചരിത്ര സംരക്ഷിത സ്മാരകമാണ്. 1992 മുതൽ കൊട്ടാരത്തില്‍ ഫോക്‌ലോർ മ്യൂസിയവും നാണയ മ്യൂസിയവും പ്രവർത്തിച്ചുവരുന്നു.

ശ്രീകൃഷ്ണരാശി, അനന്തരായന്‍ പണം, കൊച്ചിപുത്തന്‍, ഇന്തോ-ഡച്ച് പുത്തന്‍, ലക്ഷ്മി വരാഹന്‍, കമ്മട്ടം തുടങ്ങിയ അപൂര്‍വം നാണയങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും. ഒറ്റപ്പുത്തന്‍, ഇരട്ടപ്പുത്തന്‍, കലിയുഗരായന്‍ പണം, തുടങ്ങിയ നാണയങ്ങളും ഗ്വാളിയാര്‍ രാജകുടുംബത്തിന്‍റെയും ഹൈദരാബാദ് നിസാമിന്‍റെയും ടിപ്പുസുല്‍ത്താന്‍റെയും കാലത്തെ നാണയങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. റോമന്‍ സ്വര്‍ണ്ണ നാണയങ്ങള്‍, വെനീഷ്യന്‍ നാണയങ്ങള്‍ എന്നിവയും ഇവിടെയുണ്ട്.

രാമകഥാ കഥനത്തിന് ഉപയോഗിച്ചിരുന്ന അപൂര്‍വ വാദ്യോപകരണം, തടിയില്‍ പണിത സാരംഗി എന്നിവ ഫോക്ലോര്‍ മ്യൂസിയത്തിലെ പ്രധാന കാഴ്ചകളാണ്. കൂടാതെ, പഴയകാലത്തെ ചെമ്പ്, പിത്തള പാത്രങ്ങള്‍, വീട്ടുപകരങ്ങള്‍, ഒറ്റത്തടിപ്പാത്രങ്ങള്‍, കൃഷിസാമഗ്രികള്‍, മീന്‍പിടിക്കുന്ന പ്രാചീനവലകള്‍, കുതിരവണ്ടി, കാളവണ്ടി, പാതാളക്കരണ്ടി തുടങ്ങിയവയും മ്യൂസിയത്തിലുണ്ട്. തിരുവനന്തപുരത്തു നിന്നും 18 കിലോമീറ്റര്‍ ദൂരമുണ്ട് കോയിക്കല്‍ കൊട്ടാരത്തിലേയ്ക്ക്.