Kerala

ഹർത്താലിൽ നിന്ന് ടൂറിസത്തിന് രക്ഷ: വിനോദ സഞ്ചാര മേഖലയിൽ ഇനി ഹർത്താലില്ല; തീരുമാനം സർവകക്ഷി യോഗത്തിൽ

ടൂറിസ്റ്റുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വിളിച്ച് ചേർത്ത സർവകക്ഷി യോഗം എല്ലാ വിഭാഗം ജനങ്ങളോടും അഭ്യർത്ഥിച്ചു

കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികളെ ഹർത്താലിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സർവകക്ഷി യോഗം വിളിച്ചു ചേര്‍ത്തു. കേരളത്തിന്‍റെ മുഖ്യ വരുമാനമാർഗമായ  ടൂറിസത്തെ ഹർത്താലുകൾ ബാധിക്കുന്ന സാഹചര്യത്തിലായിരുന്നു സർക്കാർ യോഗം വിളിച്ചത്.

ഹർത്താലിൽ നിന്ന് ടൂറിസത്തെ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിക്കലല്ല, നിയമ നിർമാണമാണ് വേണ്ടതെന്ന് യോഗത്തിൽ കെപിസിസി പ്രസിഡന്‍റ് എം എം ഹസൻ ആവശ്യപ്പെട്ടു. നിയമ നിർമാണമല്ല ഹർത്താൽ ആഹ്വാനം നടത്തുന്നവരുടെ തീരുമാനമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ടൂറിസത്തെ ഹർത്താലിൽ നിന്നൊഴിവാക്കണമെന്ന് അഭ്യർഥിച്ച് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിനു കത്തു നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

ഹർത്താലുകൾ വിനോദ സഞ്ചാര മേഖലയെ ബാധിക്കുന്നതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു . മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്സ് സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പിന്നാലെ കേരളത്തിലെ ബിസിനസ് തലവന്മാരുടെ സമ്മേളനത്തിൽ മുഖ്യമന്ത്രിയും ഈ ആവശ്യം ഉന്നയിച്ചു. വിനോദ സഞ്ചാര മേഖലയെ ഹർത്താലിൽ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) സേ നോ ടു ഹർത്താൽ കാമ്പയിന് നേരത്തെ തുടക്കമിട്ടിരുന്നു.

സർവകക്ഷി യോഗ തീരുമാനത്തെ അറ്റോയ് സ്വാഗതം ചെയ്തു . സംസ്ഥാനത്തെ ടൂറിസം മേഖലക്ക് തീരുമാനം കരുത്തേകുമെന്ന് അറ്റോയ് പ്രസിഡൻറ് പി കെ അനീഷ് കുമാറും സെക്രട്ടറി ശ്രീകുമാർ മേനോനും പറഞ്ഞു. തീരുമാനമെടുക്കാൻ ധൈര്യം കാട്ടിയ സംസ്ഥാന സർക്കാരിനേയും മുഖ്യമന്ത്രി, ടൂറിസം മന്ത്രി, കക്ഷി നേതാക്കൾ എന്നിവരേയും അറ്റോയ് അഭിനന്ദിച്ചു.