Kerala

കൊച്ചിയില്‍ ചുറ്റാന്‍ ഇനി മെട്രോ സൈക്കിള്‍

കൊച്ചിയില്‍ എത്തി മെട്രോയിറങ്ങി ഇനി തിരക്കുള്ള നഗരയാത്രയോട് വിട പറയാം. നഗരത്തില്‍ സൈക്കിള്‍ സവാരിക്ക് അവസരം ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ.


നഗരത്തിലെ യാത്രയ്ക്ക് സൗജന്യമായി സൈക്കിള്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് കെ എം ആര്‍ എല്‍ തുടക്കമിട്ടു. എം ജി റോഡ് മെട്രോ സ്റ്റേഷന്റെ പാര്‍ക്കിങ്ങി ഗ്രൗണ്ടില്‍ കെ എം ആര്‍ എല്‍ മാനേജിങ്ങ് ഡയറക്ടര്‍ മുബമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു.

എം.ജി. റോഡ്, മഹാരാജാസ്, ലിസി, കലൂര്‍, സ്റ്റേഡിയം, പാലാരിവട്ടം, ചങ്ങമ്പുഴ പാര്‍ക്ക്, ഇടപ്പള്ളി സ്റ്റേഷനുകളിലാണ് സൈക്കിള്‍ ഒരുക്കുന്നത്. 50 സൈക്കിളുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഈ സൈക്കിളുകള്‍ മെട്രോ യാത്ക്കാര്‍ ഉപയോഗിച്ച് തുടങ്ങിയതായി അധികൃതര്‍ പറഞ്ഞു.

മാസം 100 മണിക്കൂര്‍ വരെ സൗജന്യമായി സൈക്കിള്‍ ഉപയോഗിക്കാം. അതിന് ശേഷം അഞ്ചു രൂപ നിരക്കില്‍ മണിക്കൂറിന് ഈടാക്കും. സൈക്കിളില്‍ കൂടുതല്‍ യാത്ര ചെയ്യുന്നവര്‍ക്കാര്‍ക്കായി മെട്രോ ടിക്കറ്റുകള്‍ ഉള്‍പ്പെടെ ഇളവുകള്‍ നല്‍കുന്ന കാര്യവും പരിഗണയിലുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

അദീസ് സൈക്കിള്‍ ക്ലബ്ബില്‍ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്താണ് സൈക്കിളുകള്‍ എടുക്കേണ്ടത്. സ്ഥിരമായി ഉപയോഗപ്പെടുത്താവുന്ന രജിസ്ട്രേഷനാണിത്.

സൈക്കിള്‍ വാടകയ്ക്ക് എടുക്കുന്നതിന് RackCodeBicycle ID എന്ന ഫോര്‍മാറ്റില്‍ 96455 11155 എന്ന നമ്പറിലേക്ക് എസ്.എം.എസ്. ചെയ്യണം. സൈക്കിളിന്റെ ലോക്ക് തുറക്കുന്നതിനുള്ള കോഡ് മൊബൈലില്‍ ലഭിക്കും. മോഷണമെല്ലാം തടയാന്‍ ഇതുവഴി കഴിയും.

മടക്കി നല്‍കുന്നതിന് ഇതേ രീതിയില്‍ 97440 11777 എന്ന നമ്പറിലേക്കും മെസേജ് അയക്കണം. മെമ്പര്‍ഷിപ്പ് എടുക്കാന്‍ 96455 11155 എന്ന നമ്പറിലേക്ക് പേര്, വിലാസം, ഇ-മെയില്‍ ഐഡി, ജോലി എന്നിവ എസ്.എം.എസ്. അയക്കാം.

ദിവസം 24 മണിക്കൂറാണ് സൈക്കിള്‍ ഉപയോഗിക്കാവുന്ന പരമാവധി സമയപരിധി. ഇതിനു ശേഷവും സൈക്കിള്‍ തിരികെ വയ്ക്കാത്തവരുടെ മൊബൈല്‍ നമ്പറിലേക്ക് ക്ലബ്ബ് അംഗങ്ങള്‍ ബന്ധപ്പെട്ട് വിവരം തേടും. സൈക്കിള്‍ തിരികെ വയ്ക്കാന്‍ മനഃപൂര്‍വം വൈകിക്കുന്നവരുടെ രജിസ്ട്രേഷന്‍ റദ്ദാക്കും.

സൈക്കിള്‍ ക്ലബ്ബ് മുന്നോട്ടുവെയ്ക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചു മാത്രമേ സൈക്കിള്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളു. ഉപയോഗത്തിനിടെ സൈക്കിളിന് കേടുപാട് സംഭവിച്ചാല്‍ നഷ്ടപരിഹാരം ഈടാക്കും.
ആവശ്യം കഴിഞ്ഞാല്‍ എട്ട് മെട്രോ സ്റ്റേഷനിലെ ഏതു റാക്കില്‍ വേണമെങ്കിലും സൈക്കിള്‍ തിരികെ വയ്ക്കാം.