Kerala

കേരളത്തെ യോഗാ തലസ്ഥാനമാക്കാനൊരുങ്ങി യോഗാ അംബാസഡര്‍ ടൂര്‍

ലോകം കണ്ട ഏറ്റവും വലിയ യോഗാ പര്യടനത്തിനു കേരളം വേദിയാകുന്നു. അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്) യാണ് പത്തു ദിവസത്തെ യോഗാ ടൂര്‍ സംഘടിപ്പിക്കുന്നത്. ടൂറിന് ജൂണ്‍ 14ന് തുടക്കമാകും. രാജ്യാന്തര യോഗാ ദിനമായ ജൂണ്‍ 21ന് കൊച്ചിയില്‍ വിപുലമായ യോഗാ പ്രദര്‍ശനത്തോടെ പര്യടനം സമാപിക്കും.  കേന്ദ്ര ആയുഷ് മന്ത്രാലയവുമായും സംസ്ഥാന ടൂറിസം വകുപ്പുമായും സഹകരിച്ചാണ് പരിപാടി.

കേരളം യോഗയുടെ ജന്മസ്ഥലമെന്നു വിശ്വസിക്കുന്നവരുണ്ട്. നവീന ശിലായുഗ കാലഘട്ടത്തിലെ മുനിയറകള്‍ ഇതിനു തെളിവായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഏതായാലും മലയാളിക്ക് യോഗയോടുള്ള ആഭിമുഖ്യം കൂടുകയാണ്. പ്രകൃതി രമണീയമായ കേരളം യോഗയ്ക്ക് അനുയോജ്യമായ ഇടമാണ്. വിദേശരാജ്യങ്ങളില്‍ കേരളത്തിന്‍റെ പരമ്പരാഗത യോഗ പ്രചരിപ്പിക്കുക കൂടിയാണ് യോഗാ പര്യടനത്തിന്‍റെ ലക്‌ഷ്യമെന്ന് അറ്റോയ് പ്രസിഡന്‍റ് പികെ അനീഷ്‌ കുമാര്‍ പറഞ്ഞു.

യോഗാ അധ്യാപകര്‍, പരിശീലന കേന്ദ്രം നടത്തിപ്പുകാര്‍ തുടങ്ങിയവരാണ് യോഗാ ടൂറില്‍ പങ്കെടുക്കുന്നത്. മികച്ച പ്രതികരണമാണ് ആദ്യ യോഗാ പര്യടനത്തിന്‍റെ രജിസ്ട്രേഷന് ലഭിച്ചതെന്നു അറ്റോയ് സെക്രട്ടറി വി ശ്രീകുമാരമേനോന്‍ പറഞ്ഞു. അമേരിക്ക, ജര്‍മനി, യുകെ, സ്പെയിന്‍, സിംഗപ്പൂര്‍, പോളണ്ട്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യോഗാ പ്രോഫഷണലുകള്‍ പര്യടനത്തിനെത്തും.

14ന് രാവിലെ ഒമ്പതിന് കോവളം ലീലാ റാവിസില്‍ കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യെശോ നായിക് യോഗാ പര്യടനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് രാജ്യാന്തര യോഗാ സമ്മേളനം ചേരും. ഇന്ത്യയിലെ ഏറ്റവും പ്രശസ്ത യോഗാ വിദഗ്ധര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. അന്ന് വൈകിട്ട് സാംസ്കാരിക വിരുന്ന് നടക്കും.

ജൂണ്‍ 15ന് യോഗാസംഘം ശിവാനന്ദ ആശ്രമത്തിലേക്ക് പോകും. ചര്‍ച്ചകള്‍ക്ക് ശേഷം സംഘം കന്യാകുമാരിയിലേക്ക്. വിവേകാനന്ദ ആശ്രമം അടക്കം സന്ദര്‍ശിക്കുന്ന സംഘം അന്ന് തന്നെ തിരുവനന്തപുരത്തിന് തിരിക്കും. ജൂണ്‍ 16ന് രാവിലെ ചടയമംഗലം ജടായുപ്പാറയിലേക്കാണ് യാത്ര. ഇവിടെ യോഗാഭ്യാസത്തിനു ശേഷം ഉച്ചഭക്ഷണം. തുടര്‍ന്ന് കൊല്ലത്തേക്ക്.

ജൂണ്‍ 17ന് സംഘത്തിന്‍റെ യാത്ര ആറന്മുളയിലേക്കാണ്. വൈകിട്ടോടെ യോഗാ പര്യടനം കുമരകത്തെത്തും. ജൂണ്‍ 18ന് രാവിലെ കുമരകത്ത് കായല്‍ സവാരിക്ക് ശേഷം മൂന്നാറിലേക്ക് പോകും. ജൂണ്‍ 19ന് മുനിയറകള്‍ കാണും. തിരികെ മൂന്നാറില്‍ താമസം. ജൂണ്‍ 20ന് സംഘം കൊച്ചിയിലേക്ക്. കൊച്ചിയിലെ ചരിത്ര പ്രധാന സ്ഥലങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സംഘം കാണും.

രാജ്യാന്തര യോഗാ ദിനമായ ജൂണ്‍ 21ന് വിശാല യോഗാ പ്രദര്‍ശനം. തുടര്‍ന്ന്‍ മട്ടാഞ്ചേരി, ഫോര്‍ട്ട്‌ കൊച്ചി പ്രദേശങ്ങളിലെ ചരിത്ര സ്മാരകങ്ങള്‍ കാണും. പര്യടന സംഘത്തിനു രാത്രി അറ്റോയ് അത്താഴവിരുന്നു നല്‍കും. എല്ലാ ദിവസവും രാവിലെ യോഗാഭ്യാസമുണ്ടാകും. അറ്റോയ് യുടെ സംരംഭമായ ടൂറിസം ന്യൂസ് ലൈവാണ് ഔദ്യോഗിക മീഡിയാ പങ്കാളി.