Tech

മുഖം മിനുക്കി ഫെയ്‌സ്ബുക്ക്: വരുന്നു ഡേറ്റിങ്ങ് ആപ്പ്

സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ട് പങ്കാളികളെ തേടാനും പ്രണയിക്കാനും സഹായിക്കുന്ന ഡേറ്റിങ്ങ് ആപ്പ് അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഫെയ്‌സ്ബുക്ക് സി ഇ ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഏതാണ്ട് 20 കോടി അവിവാഹിതരായ ചെറുപ്പക്കാരാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത്. ഈ സാധ്യത മുന്നില്‍ കണ്ടാണ് ഇത്തരമൊരു നീക്കം നടത്തുന്നത്.


പുതിയ പ്രഖ്യാപനത്തോടെ ഫെയ്‌സ്ബുക്ക് ഓഹരയില്‍ 1.1ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഫെയ്‌സ്ബുക്ക് അധികൃതര്‍ പറഞ്ഞു.

ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ ഇടപെടല്‍ വെറും വീഡിയോ കാണലും മറ്റുമായി ഒതുങ്ങുന്നത് കുറയ്ക്കാന്‍ ഡിസൈനില്‍ ഫെയ്സ്ബുക്ക് ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു.

ഇതേത്തുടര്‍ന്ന് 2017 അവസാനത്തോടെ ഫെയ്സ്ബുക്കില്‍ ചെലവഴിക്കുന്ന സമയത്തില്‍ വലിയ ഇടിവുണ്ടായി. ഇതിനെ പുതിയ ആപ്പിലൂടെ മറികടക്കാനാവുമെന്നാണ് സക്കര്‍ബര്‍ഗ് കരുതുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ഉള്ള ആലോചനയാണ് ഒടുവില്‍ പുതിയ ആപ്പിലൂടെ ഫെയ്‌സ്ബുക്ക് നടപ്പാക്കുന്നത്.

ഹൃദയത്തിന്റെ ആകൃതിയിലുള്ള ചുവന്ന നിറത്തിലുള്ള രൂപം ഉള്‍ക്കൊള്ളിച്ചതാണ് പുതിയ ആപ്പിന്റെ ലോഗോ. ഡേറ്റിങ്ങിനുള്ള അഭിരുചിക്കനുസരിച്ചായിരിക്കും ഫെയസ്ബുക്ക് പങ്കാളികളെ നിര്‍ദേശിക്കുന്നത്. ചേരുന്ന പ്രൊഫൈലുകള്‍ ഈ ആപ്പ് കണ്ടത്തി നിര്‍ദേശം നല്‍കും.