Kerala

മുട്ടറ- മരുതിമല ടൂറിസം പദ്ധതി യാഥാര്‍ഥ്യമാകുന്നു

കാത്തിരിപ്പുകള്‍ക്കും ആശങ്കകള്‍ക്കും ശേഷം മരുതിമല വിനോദസഞ്ചര പദ്ധതി യാഥാര്‍ഥ്യമാകുന്നു. വെളിയം പഞ്ചായത്തിന്റെ മുടങ്ങിപ്പോയ മുട്ടറമരുതിമല ഇക്കോ ടൂറിസം പദ്ധതി ജില്ലാടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ പുതിയൊരു ടൂറിസം മാതൃകയായി രൂപാന്തരം പ്രാപിക്കുന്നു.

മുടങ്ങിപ്പോയ പദ്ധതി പുനരുജ്ജീവിപ്പിക്കാനും മരുതിമലയെ ടൂറിസം ഡെസ്റ്റിനേഷനാക്കുന്നതിനും വേണ്ടി അയിഷാ പോറ്റി എംഎല്‍യുടെ നിരന്തരപരിശ്രമത്തിന്റെ ഫലമായിട്ടാണ് വീണ്ടും പദ്ധതിക്ക് ജീവന്‍വെച്ചത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പദ്ധതി യാഥാര്‍ഥ്യത്തിലാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. പദ്ധതിയുടെ ഒന്നാം ഘട്ടത്തിനു വേണ്ടി ഫണ്ടുവകയിരുത്തി.

ഒന്നാം ഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. മുമ്പ് പദ്ധതിക്കു വേണ്ടി നിര്‍മിച്ച കെട്ടിടങ്ങള്‍ ഉള്‍പ്പെടെ ഇവിടെ സ്ഥിരം താവളമാക്കിയ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തിരുന്നു.

44.86000 ലക്ഷം രൂപയാണ് ആദ്യഘട്ടത്തിന് ചെലവിട്ടിരിക്കുന്നത്. ഇതുപയോഗപ്പെടുത്തി മരുതിമലയിലേക്ക് ജലലഭ്യത ഉറപ്പാക്കി, പ്രകൃതിക്ക് ദോഷംതട്ടാത്ത രീതിയില്‍ ഇവിടുത്തെ കല്ലുകള്‍ ഉപയോഗപ്പെടുത്തി തന്നെ വാക്ക് വേ, പടിക്കെട്ടുകള്‍ എന്നിവ നിര്‍മിച്ചു, കഫെറ്റീരിയ, ചുറ്റുവേലി, പ്രവേശന കവാടം, വൈദ്യുതീകരണം എന്നിവയും പൂര്‍ത്തിയാക്കി വരികയാണ്.

ഇതു പൂര്‍ത്തിയായാല്‍ മരുതിമല ടൂറിസത്തിന്റെ പ്രധാന ഘട്ടം പൂര്‍ത്തിയാകുമെന്നും ഇവിടെ പതിവായ സാമൂഹ്യവിരുദ്ധ ശല്യത്തിന് പരിഹാരമാകുമെന്ന് അയിഷപോറ്റി എംഎല്‍എ പറഞ്ഞു.

കേരളത്തില്‍ ഗ്രാമഹരിത എന്ന വനേതര പ്രദേശ സംരക്ഷണ പദ്ധതി ആദ്യമായി നടപ്പാക്കിയ സ്ഥലമാണ് വെളിയം പഞ്ചായത്തിലെ മുട്ടറ മരുതിമല.ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനുവേണ്ടി വെളിയം പഞ്ചായത്ത് ഈ ഭൂമി ലീസിനെടുക്കുകയും ടൂറിസം പദ്ധതിക്കു വേണ്ടി ശ്രമിക്കുകയും ചെയ്‌തെങ്കിലും മുടങ്ങിപ്പോയിരുന്നു.

25 ഏക്കറില്‍ വിസ്തൃതിയുള്ള 1100 അടിയിലേറ ഉയരമുള്ള മരുതിമലയുടെ മുകള്‍ഭാഗം പരന്നിട്ടാണ്. ഇവിടെയുള്ള പാറകള്‍ അറപ്പത്തായം, വസൂരപ്പാറ, കാറ്റാടിപ്പാറ, ഭഗവാന്‍പാറ, പുലിച്ചാണ്‍ എന്നും അറിയപ്പെടുന്നു. ഇവ കൂടാതെ പാറയില്‍ തന്നെ വറ്റാത്ത നാലു കുളങ്ങളും ഉണ്ട്.

ഇവിടേക്ക് ട്രക്ക് ചെയ്തു പോകുന്നതിന് മുപ്പതുമിനിറ്റോളം ഏടുക്കും. പ്രകൃതിഭംഗിയാല്‍ മനോഹരമായ ഇവിടേക്ക് തദ്ദേശീയരായ വിനോദസഞ്ചാരികളെ കൂടാതെ പുറമേ നിന്നു കൂടിയുള്ളവരെ ആകര്‍ഷിക്കാനാണ് വെളിയം പഞ്ചായത്തും ഡിടിപിസിയും ലക്ഷ്യമിടുന്നത്.
മരുതിമലക്കുന്നിനു മുകളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രവും കുടുംബത്തോടൊപ്പം സുരക്ഷിതമായി നടത്താവുന്ന ട്രക്കിങ്ങും ഇവിടത്തെ പ്രത്യേകതയാണ്.

സമീപത്തുതന്നെ കല്ലടത്താണി വട്ടത്തിക്കടവ് വെള്ളച്ചാട്ടവും ശലഭ നിരീക്ഷണത്തിന് അവസരവുമുണ്ട്. കൂടാതെ ജടായു പാറയിലേക്ക് ഇവിടെ നിന്നും കുറഞ്ഞ ദൂരമേയുള്ളൂ. മരുതിമല നല്ലൊരു വ്യൂപോയന്റും കുരങ്ങ്, മലയണ്ണാന്‍ നിരവധി ചെറു ജീവികള്‍ എന്നിവയുടെ ആവാസ മേഖല കൂടിയാണ്.

ഒന്നാം ഘട്ടം പൂര്‍ത്തിയായതിനു ശേഷം രണ്ടാം ഘട്ടത്തിനും ടൂറിസം വകുപ്പ് ഫണ്ട് അനുവദിക്കും. പദ്ധതിയുടെ ഒന്നാം ഘട്ടം എത്രയും വേഗം പൂര്‍ത്തിയാക്കി പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാക്കുമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി സന്തോഷ് പറഞ്ഞു.