Kerala

സഞ്ചാരികള്‍ക്കായി പൊവ്വാല്‍ കോട്ട ഒരുങ്ങി

തെക്കേ ഇന്ത്യയിലെ പ്രമുഖ രാജവംശമായിരുന്ന വിജയനഗരത്തിന്റെ പതനത്തിനുശേഷം തെക്കന്‍ കാനറയുടെ അധികാരം കയ്യാളിയിരുന്ന ഇക്കേരി നായക്കന്മാര്‍ 17ാം നൂറ്റാണ്ടില്‍ പണിത പൊവ്വല്‍ കോട്ട മേയ് നാലിനു സര്‍ക്കാര്‍ നാടിനു സമര്‍പ്പിക്കുന്നു.

പൈതൃക വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിച്ച കോട്ടയ്ക്ക് 300 വര്‍ഷം പഴക്കമുണ്ട്. 1985 മുതല്‍ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ അധീനതയിലായിരുന്നു.

8.44 ഏക്കര്‍ വിസ്തൃതിയില്‍ കിടക്കുന്ന പൈതൃക സ്വത്ത് നാശത്തിന്റെ വക്കിലായിരുന്നു. കോട്ട സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കെ.കുഞ്ഞിരാമന്‍ എംഎല്‍എ സംസ്ഥാന പുരാവസ്തു വകുപ്പിനു നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പൈതൃക വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തുന്നതിന് 52 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.

നിര്‍മാണം പൂര്‍ത്തീകരിച്ചു. കോട്ടയുടെ അറ്റകുറ്റപ്പണി, നടപ്പാതയില്‍ കല്ലുപാകല്‍, കോട്ടയുടെ അകത്തുള്ള കുളം, കിണര്‍ എന്നിവയുടെ നവീകരണം, ഇതിനകത്തുള്ള ഹനുമാന്‍ ക്ഷേത്രത്തിന്റെ നവീകരണം എന്നിവ നടത്തി. കോട്ടയുടെ പുറത്തു കുടിവെള്ളം, ശുചിമുറി, ഓഫിസ് എന്നിവ ഒരുക്കിയിട്ടുണ്ട്.