Destinations

പര്‍വതങ്ങള്‍ക്കിടയിലെ ഉദയസൂര്യന്‍റെ നാട്

ഉദയസൂര്യന്‍റെ നാട് എന്നുവിളിപ്പേരുള്ള അരുണാചൽ പ്രദേശ്. പ്രകൃതി സൗന്ദര്യവും ഹരിതവും സമൃദ്ധവുമായ വനഭൂമിയും പര്‍വതങ്ങളുമുള്ള നാട്. ജനസാന്ദ്രത തീരെ കുറഞ്ഞ ഈ സംസ്ഥാനത്തിന് തെക്ക് ആസാം, നാഗാലാ‌ൻഡ് സംസ്ഥാനങ്ങളും വടക്കും പടിഞ്ഞാറും കിഴക്കും യഥാക്രമം അയൽരാജ്യങ്ങളായ ചൈന, ഭൂട്ടാൻ, മ്യാന്മാർ എന്നിവയുമായും അതിർത്തി പങ്കിടുന്നു. സഞ്ചാരികളെ എന്നും മോഹിപ്പിക്കുന്ന അരുണാചലിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

ബലുക്‌പോങ്

തിരക്കുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി പ്രകൃതിയുടെ മനോഹാരിതയുമായി നിലനില്‍ക്കുന്ന ഒരിടം. അതാണ് ബലുക്‌പോങ്. ഹിമാലയത്തിന്‍റെ താഴ്‌വാരങ്ങളില്‍ സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമം. കുറഞ്ഞ വാക്കുകളില്‍ ബലുക്പോങ്ങിനുള്ള വിശേഷണം ഇതാണ്. കമേങ് ജില്ലയിലാണ് ബലുക്‌പോങ് സ്ഥിതി ചെയ്യുന്നത്. കമേങ് നദിയയ്ക്ക് സമാന്തരമായി ഇരുവശങ്ങളിലും കാടുകള്‍ തിങ്ങി നിറഞ്ഞു കിടക്കുന്ന ഇവിടം അരുണാചല്‍ പ്രദേശില്‍ ഒരു യാത്രകനു കണ്ടെത്താന്‍ കഴിയുന്ന ഏറ്റവും മനോഹരമായ സ്ഥലമാണ്.

ഗോത്ര വിഭാഗമായ അകാക്കാരാണ് ഇവിടുത്തെ താമസക്കാര്‍. റാഫ്ടിങ്, ട്രക്കിങ്, ഹൈക്കിങ്, സെസാ ഓര്‍ക്കിഡ് സാങ്ച്വറി, പഖൂയ് വൈല്‍ഡ് ലൈഫ് സാങ്ച്വറി തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. മിതമായ കാലാവസ്ഥ അനുഭവപ്പെടുന്ന ബലുക്‌പോങ് വര്‍ഷത്തില്‍ ഏതു സമയത്തും സന്ദര്‍ശിക്കുവാന്‍ പറ്റിയ സ്ഥലമാണ്. പ്രകൃതി ഭംഗി ആസ്വദിക്കുകയാണ് ബലുക്‌പോങ് യാത്രയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെങ്കില്‍ ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ അവസാനം വരെയുള്ള സമയമാണ് ഏറ്റവും യോജിച്ചത്.

ഇറ്റാ നഗർ

അരുണാചല്‍ പ്രദേശിന്‍റെ തലസ്ഥാനമായ ഇറ്റാനഗര്‍ ഹിമാലയത്തിന്‍റെ താഴ്‌വരയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. രാജ്യത്തിന്‍റെ എല്ലാ ഭാഗത്തുനിന്നുമുള്ള ജനവിഭാഗങ്ങള്‍ ഇവിടെയുള്ളതിനാല്‍ ചെറിയ ഇന്ത്യ എന്ന്‌ ഇറ്റാനഗറിനെ വിശേപ്പിക്കാറുണ്ട്‌. ഗംഗ തടാകം, ജവഹര്‍ലാല്‍ നെഹ്‌റു മ്യൂസിയം, കരകൗശല കേന്ദ്രം, വാണിജ്യ കേന്ദ്രം എന്നിവയാണ്‌ ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

അരുണാചല്‍ പ്രദേശിന്‍റെ സംസ്‌കാരത്തിലേക്കും പൈതൃകത്തിലേക്കും വെളിച്ചം വീശുന്ന വിവിധ ഗോത്ര ശേഖരണങ്ങളാണ്‌ മ്യൂസിയത്തിലുള്ളത്‌. ഗോംമ്പ ബുദ്ധ ക്ഷേത്രമാണ്‌ മറ്റൊരു പ്രധാന ആകർഷണം. മഞ്ഞ മേല്‍ക്കൂരയോടു കൂടിയ ഈ ദേവലായം തിബറ്റന്‍ ശൈലിയിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌.

ഖൊൻസാ

അരുണാചൽ പ്രദേശിലെ തീരെ അറിയപ്പെടാത്ത ഹിൽ‌സ്റ്റേഷൻ ഏതെന്ന് ചോദിച്ചാൽ ഖൊൻസാ ആണെന്ന് പറയാം. അതിനാൽ തന്നെ അധികം സഞ്ചാരികളൊന്നും ഇവിടെ എത്തിച്ചേർന്നിട്ടില്ല. സമുദ്രനിരപ്പിൽ നിന്ന് 1,215 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഹിൽസ്റ്റേഷൻ പ്രകൃതിസ്നേഹികൾക്കും ഫോട്ടോഗ്രാഫർമാർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന സ്ഥലമാണ്. പ്രകൃതിഭംഗിയാണ് ഇവിടെ എത്തിച്ചേരുന്നവരെ വിസ്മയിപ്പിക്കുന്നത്

ബോംദില

അരുണാചല്‍ പ്രദേശിലെത്തിയാല്‍ തീര്‍ച്ചയായും കാണേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്‌ സമുദ്രനിരപ്പില്‍ നിന്നും 8000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബോംദില എന്ന ചെറു നഗരം. കിഴക്കന്‍ ഹിമാലയ നിരകളില്‍ അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളോടെ സന്ദര്‍ശകരെ കാത്തിരിക്കുന്ന പ്രശാന്തമായ നഗരമാണിത്‌. പ്രകൃതി ഭംഗിക്കും ആപ്പിള്‍ തോട്ടങ്ങള്‍ക്കും പുറമെ ബോംദില ബുദ്ധ വിഹാരങ്ങളാലും പ്രശസ്‌തമാണ്‌. നിരവധി ട്രക്കിങ്‌ പാതകള്‍ ഉള്ളതിനാല്‍ സാഹസിക യാത്രക്കാര്‍ക്കും പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണിത്‌.