Alerts

കേരളാതീരത്ത്‌ ഉയരത്തിലുള്ള തിരമാലകളടിക്കാന്‍ സാധ്യത

ലക്ഷദ്വീപ് മേഖലയിലും ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ തിരമാലകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തിലും ബംഗാളിലും തീരമേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് അറിയിച്ചു. കേരളാ തീരത്ത് 2.5 -3 മീറ്റർ ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി,കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരപ്രദേശങ്ങളിൽ കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുണ്ട്. ഈ പ്രതിഭാസം രണ്ടു ദിവസം നീണ്ടുനില്‍ക്കും. ആഴക്കടലിൽ തിരമാലകളുടെ ശക്തി വളരെ കുറവായിരിക്കും. മത്സ്യത്തൊഴിലാളികളും തീരദേശനിവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വേലിയേറ്റ സമയത്തു തിരമാലകൾ ശക്തി പ്രാപിക്കാനും ആഞ്ഞടിക്കുവാനും സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേർന്ന് മീൻപിടിക്കുന്നവർ കൂടുതൽ ശ്രദ്ധ പാലിക്കേണ്ടതാണ്. വിനോദ സഞ്ചാരികൾ കടൽ കാഴ്ച്ച കാണാൻ പോകരുതെന്ന നിർദ്ദേശവുമുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ ബോട്ടുകൾ തീരത്തു നിന്ന് കടലിലേയ്ക്കും കടലിൽ നിന്ന് തീരത്തിലേയ്ക്കും കൊണ്ടുപോകുന്നത് ഒഴിവാക്കുക.