News

അപ്രഖ്യാപിത ഹര്‍ത്താല്‍ ടൂറിസത്തെ ബാധിക്കുമെന്ന് മന്ത്രി കടകംപള്ളി

ഇടുക്കി പോലുള്ള സ്ഥലങ്ങളിലുണ്ടാകുന്ന അപ്രഖ്യാപിത ഹര്‍ത്താലുകള്‍ ടൂറിസത്തെ ബാധിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് സംഘടിപ്പിച്ച രണ്ടാം മൂന്നാര്‍ ടൂറിസം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തിന്‍റെ മുഖ്യ വരുമാന മാര്‍ഗങ്ങളിലൊന്നാണ് ടൂറിസം. ടൂറിസം മേഖലക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്.
മൂന്നാറില്‍ കോണ്‍ക്രീറ്റ് നിര്‍മിതികള്‍ പെരുകുന്നത് ഇവിടുത്തെ കാലാവസ്ഥയെയും സ്വാധീനിക്കുന്നുണ്ട്. ഇത് മൂന്നാര്‍ ടൂറിസത്തെ ബാധിക്കും .
നീലക്കുറിഞ്ഞി പൂക്കുന്ന സമയത്ത് മൂന്നാറില്‍ ചില നിയന്ത്രണങ്ങള്‍ സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. ഇത് ടൂറിസ്റ്റുകള്‍ക്ക് സൌകര്യമൊരുക്കുന്നതിനാണ്. ഇതിനോട് ടൂറിസം മേഖലയിലുള്ളവര്‍ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
റൂട്ട് മാപ്പുകള്‍, ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട്‌സ് തുടങ്ങി മൂന്നാറിന്റെ സമ്പൂര്‍ണ വിവരങ്ങള്‍ അടങ്ങുന്ന ഹാന്‍ഡ് ബുക്ക്, മൊബൈല്‍ ആപ്ലിക്കേഷന്‍ , മൂന്നാര്‍ ബ്രാന്‍ഡിംഗ് ലോഗോ 360 ഡിഗ്രി മൂന്നാര്‍ കാഴ്ചകള്‍ അടങ്ങിയ വെബ്‌സൈറ്റ് എന്നിവയും ചടങ്ങില്‍ പ്രകാശനം ചെയ്തു.