News

നോട്ടുക്ഷാമം: വിവിധ സംസ്ഥാനങ്ങളില്‍ എടിഎമ്മുകള്‍ കാലി

വിവിധ സംസ്ഥാനങ്ങളില്‍  എടിഎമ്മുകള്‍ കാലി. ഉത്സവ സീസണ്‍ ആയതിനാല്‍ ആളുകള്‍ കൂടുതല്‍ പണം പിന്‍വലിച്ചതാണ് എടിഎമ്മുകള്‍ കാലിയാകാന്‍ കാരണം.

കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്‌, ഡല്‍ഹി,  യുപി, മധ്യപ്രദേശ്, തെലുങ്കാന, രാജസ്ഥാന്‍   എന്നിവിടങ്ങളിലാണ് എടിഎമ്മുകള്‍ കാലിയായത്. പ്രശ്നം പരിഹരിക്കാന്‍ തല്‍ക്കാലം  പണം കൂടുതലുള്ള ഇടങ്ങളില്‍ നിന്നും പണം എത്തിക്കാന്‍ ശ്രമിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. ഇന്നലെ മുതൽ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലുള്ള എടിഎമ്മുകളിൽനിന്നു പണം പിൻവലിക്കാൻ സാധിക്കുന്നില്ലായിരുന്നു എന്ന് ജനങ്ങള്‍ പറഞ്ഞു.

രാജ്യത്തു നോട്ടുക്ഷാമം നിലനിൽക്കുന്നില്ലെന്നും എടിഎമ്മുകളിൽ പണമെത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ധനകാര്യ സഹമന്ത്രി എസ്പി ശുക്ല വ്യക്തമാക്കി. 1,25,000 കോടിയുടെ നോട്ടുകൾ നമ്മുടെ കൈവശമുണ്ട്. ചില സംസ്ഥാനങ്ങളുടെ കൈവശം നോട്ടുകൾ കുറവും ചിലരുടെ കൈവശം കൂടുതലുമുണ്ട്. പണം കൂടുതലുള്ള സംസ്ഥാനങ്ങളിൽനിന്ന് ഇല്ലാത്തിടത്തേക്ക് എത്തിക്കാൻ ആർബിഐയുടെ ചുമതലയിൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.  കൂടാതെ പ്രശനം  പഠിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു.

അതിനിടെ, രണ്ടായിരം രൂപയുടെ നോട്ടുകൾ വിപണിയിൽനിന്ന് അപ്രത്യക്ഷമാകുന്ന സ്ഥിതിയാണുള്ളതെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആരോപിച്ചു. ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കലിനു മുമ്പ് 15,00,000 കോടിയാണു വിപണിയിലുണ്ടായിരുന്നത്. നോട്ട് അസാധുവാക്കലിനു ശേഷം ഇതു 16,50,000 കോടിയായി ഉയർന്നു. എന്നാലിപ്പോൾ രണ്ടായിരത്തിന്‍റെ നോട്ടുകൾ വിപണിയിൽനിന്നുതന്നെ ഇല്ലാതാകുന്ന സാഹചര്യമാണുള്ളതെന്നും ചൗഹാൻ കൂട്ടിച്ചേർത്തു.