News

മഞ്ഞുവീഴ്​ചയിൽ കുടുങ്ങിയ ട്രക്കിങ്ങ്​ സംഘത്തെ രക്ഷപ്പെടുത്തി

ഉത്തരകാശിയിൽ ​​ട്രക്കിങ്ങിനു പോയി കുടുങ്ങിയ സംഘത്തെ ദുരന്ത നിവാരണ സേന രക്ഷിച്ചു. യൂത്ത്​ ഹോസ്​റ്റൽ അസോസിയേഷൻ ഓഫ്​ ഇന്ത്യയി​ലെ 30 അംഗങ്ങളാണ്​ ​ട്രക്കിങ്ങിനിടെ മഞ്ഞു വീഴ്​ചയിൽ കുടുങ്ങിയത്. ഉത്തരകാശിയിലെ ചായിൻഷീൽ ട്രാക്കിൽ നിന്നാണ്​ സംഘാംഗങ്ങളെ രക്ഷപ്പെടുത്തിയത്​. ​

പെട്ടെന്നുണ്ടായ കാലാവസ്​ഥാ വ്യതിയാനം മൂലം യാത്ര തുടരാനോ തിരിച്ചു ​വരാനോ കഴിയാതെ അംഗങ്ങൾ വഴിയിൽ കുടുങ്ങുകയായിരുന്നു. ഈ മാസം 10ന്​ യാത്ര തുടങ്ങിയ സംഘം മൂന്ന്​ ​പോയിന്‍റുകൾ കീഴടക്കിയിരുന്നു. നാലാമത്തെ പോയിന്‍റ് ലക്ഷ്യം വെച്ച്​ നീങ്ങുന്നതിനിടെയാണ്​ യാത്ര തടസപ്പെട്ടത്​.

പ്രദേശത്ത്​ ഉണ്ടായ ശക്​തമായ മഞ്ഞു വീഴ്​ചയാണ്​​ യാത്ര തടസപ്പെടാൻ ഇടയാക്കിയത്​. ഇതിനിടെ യാത്രികരിലൊരാൾ പ്രതികൂല കാലാവസ്​ഥ മൂലം മരിച്ചു. മുംബൈ സ്വദേശി സുമീത്​ കവിലാണ്​​ മരിച്ചത്​.