Aviation

മുപ്പതാം പിറന്നാളിന്‍റെ നിറവില്‍ കരിപ്പൂര്‍ വിമാനത്താവളം

മുപ്പതാം പിറന്നാളിന്‍റെ നിറവില്‍ മുഖം മിനുക്കി കോഴിക്കോട് രാജ്യാന്തര വിമാനത്താവളം. 1988 മാർച്ച് 23നായിരുന്നു കരിപ്പൂരില്‍ നിന്നുള്ള ആദ്യ പരീക്ഷണപ്പറക്കൽ. ഏപ്രിൽ 13ന് അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി മോട്ടിലാൽ വോറയാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്.

വിമാനത്താവള വികസനത്തിന്‍റെ ഭാഗമായി നിലവിലുള്ള ടെർമിനലിനോടു ചേർന്ന് പുതിയ രാജ്യാന്തര ആഗമന ടെർമിനൽ ഒരുങ്ങിക്കഴിഞ്ഞു. ഒരേസമയം 1,500 പേർക്ക് ഉപയോഗിക്കാവുന്ന ടെർമിനൽ രണ്ടു മാസത്തിനകം യാത്രക്കാർക്കു തുറന്നുകൊടുക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. വരും വർഷങ്ങളിൽ രാജ്യത്തെ വരുമാനമുള്ള വിമാനത്താവളങ്ങളുടെ മുൻനിരയിലേക്ക് എത്തുമെന്നാണു വിലയിരുത്തൽ.

പരിമിതികൾക്കുള്ളിൽ നിന്നാണ് വിമാനത്താവളത്തിന്‍റെ വളർച്ച. ഇടക്കാലത്തെ മാന്ദ്യത്തിനു ശേഷം യാത്രക്കാരുടെയും വിമാന സർവീസുകളുടെയും എണ്ണം കൂടി. ഏഴു കോടിയിൽനിന്നു ലാഭം 92 കോടിയിലെത്തി. വിദേശയാത്രക്കാർ 20 ശതമാനത്തിലേറെയും ആഭ്യന്തര യാത്രക്കാർ 30 ശതമാനത്തോളവും വർധിച്ചു. കാർഗോയിൽ 35% വർധനവുണ്ടായി.  വ്യാപാരം, പാർക്കിങ് തുടങ്ങിയ മേഖലകളിലും വർധനവുണ്ടായതാണു ലാഭം കൂടാൻ കാരണമെന്ന് എയർപോർട്ട് ഡയറക്ടർ ജെ.ടി.രാധാകൃഷ്ണ ചൂണ്ടിക്കാട്ടി.

ഇടത്തരം വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കുന്നതോടെ രാജ്യത്തെ വരുമാനമുള്ള വിമാനത്താവളങ്ങളുടെ നിരയിലേക്ക് കരിപ്പൂരും എത്തും. പുതിയ ടെർമിനൽ നിർമാണവും റിസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നവീകരണവും അവസാനഘട്ടത്തിലാണ്. 120 കോടി രൂപ ചെലവിടുന്ന പദ്ധതി രണ്ടു മാസത്തിനകം പൂർത്തിയാകുമെന്നാണു പ്രതീക്ഷ. 2850 മീറ്ററുള്ള റൺവേ 2700 മീറ്ററാക്കി ക്രമീകരിച്ചാണു റിസ നീളം കൂട്ടുന്നത്. സൗദി എയർലൈൻസിന്‍റെ ഇടത്തരം വലിയ വിമാനങ്ങൾ കരിപ്പൂരില്‍ എത്തുന്നതോടെ എയർ ഇന്ത്യയും ഇത്തിഹാദും മറ്റു വിമാനക്കമ്പനികളും കോഴിക്കോട്ടുനിന്ന് സർവീസിനു തയാറായേക്കും.