News

നഗരങ്ങളില്‍ ഓട്ടോക്ഷാമം;നിരത്തിലേക്ക് 4000 പുതിയ വാഹനങ്ങള്‍

പൊതുഗതാഗത സംവിധാനത്തില്‍ നഗരങ്ങളില്‍ വാഹനങ്ങളുടെ എണ്ണം കുറഞ്ഞുവെന്ന സര്‍വേ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ക്കും ഓട്ടോകള്‍ക്കും നിശ്ചയിച്ചിട്ടുള്ള പരിധി ഉയര്‍ത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ നിലവില്‍ നാലായിരം ഓട്ടോറിക്ഷകളാണ് ഉള്ളത്. ഇത് രണ്ടായിരം വീതം കൂട്ടും.

തിരുവനന്തപുരത്ത് ഇങ്ങനെ ഉയര്‍ത്തിയതോടെ ഓട്ടോറിക്ഷകളുടെ എണ്ണം മുപ്പതിനായിരത്തിലെത്തി. നഗരങ്ങളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്കു യാത്രചെയ്യാന്‍ സംവിധാനം കുറയുന്നുവെന്നും കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഓട്ടോകളുടെ എണ്ണം രാത്രിയില്‍ എത്തുന്ന യാത്രക്കാരുടെ എണ്ണത്തിന്റെ അനുപാതം പരിശോധിച്ചാല്‍ വളരെ കുറവാണെന്നുമാണു റിപ്പോര്‍ട്ട്.

സ്വകാര്യ വാഹനങ്ങളുടെ എണ്ണം ദിവസവും പെരുകുകയാണ്. പൊതുഗതാഗത സംവിധാനം കുറയുന്നു. ജനം ബസില്‍ നിന്നിറങ്ങി കാറും ബൈക്കും വാങ്ങുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വകാര്യ ബസുകളുടെ എണ്ണം സംസ്ഥാനത്ത് 26,000ല്‍ നിന്നും 16,000 ആയി. 2017 ല്‍ മാത്രം കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത കാറുകളുടെ എണ്ണം 2.15 ലക്ഷമാണ്. 2016ല്‍ ഇത് 1.89 ലക്ഷമായിരുന്നു.

2017ല്‍ റജിസ്റ്റര്‍ ചെയ്ത ഇരുചക്ര വാഹനങ്ങളുടെ എണ്ണം 6.6 ലക്ഷം. 2016ല്‍ ഇത് 6.05 ലക്ഷമായിരുന്നു. സംസ്ഥാന ജനസംഖ്യയും വാഹനപ്പെരുപ്പവും കണക്കുകൂട്ടുമ്പോള്‍ മൂന്നു പേര്‍ക്ക് ഒരു വാഹനം എന്നതാണു സ്ഥിതി. ശരാശരി രണ്ടുപേര്‍ മാത്രമേ ഒരു കാറില്‍ യാത്രചെയ്യുന്നുള്ളൂവെന്നും വിലയിരുത്തലുണ്ട്. പുതുതായി നിരത്തിലിറങ്ങുന്ന ഓട്ടോകള്‍ ഇലക്ട്രിക്, സിഎന്‍ജി ഓട്ടോകളാകണമെന്നും ശുപാര്‍ശയിലുണ്ട്.