Europe

എയര്‍ബസിന്‍റെ എ330 വൈഡ് ബോഡി ജെറ്റ് വിമാനങ്ങളില്‍ ഇനി കിടന്നുറങ്ങാം

വിമാനങ്ങളിലെ കാര്‍ഗോ സ്‌പേസ് കിടക്കയും വിരിയുമൊക്കെയുള്‍പ്പെടുത്തിയുള്ള ഡെക്കുകളാക്കി മാറ്റി പുതിയ പരീക്ഷണത്തിന് തയ്യാറെടുത്തിരിക്കുകയാണ് യൂറോപ്യന്‍ എയര്‍ക്രാഫ്റ്റ് ഭീമന്മാരായ എയര്‍ബസ്. 2020 ഓടെ എയര്‍ബസിന്‍റെ എ330 വൈഡ് ബോഡി ജെറ്റ് വിമാനങ്ങളില്‍ യാത്രക്കാര്‍ക്കായി ഉറക്കമുറികളുണ്ടാവുമെന്നാണ് കമ്പനി നല്കുന്ന ഉറപ്പ്.

ഫ്രഞ്ച് എയറോസ്‌പേസ് കമ്പനിയായ സോഡിയാകുമായി സഹകരിച്ചാണ് ഈ സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്‍റ്കള്‍ നിര്‍മിക്കുക. കാര്‍ഗോ കണ്ടെയ്‌നേഴ്‌സായി എളുപ്പത്തില്‍ മാറ്റാന്‍ കഴിയുന്ന തരത്തിലുമായിരിക്കും ഇവയുടെ രൂപകല്പന. യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുക എന്നതിനൊപ്പം ബിസിനസ് രംഗത്തെ കിടമത്സരങ്ങളില്‍ ഒരുപടി മുന്നിലെത്താനും ഈ നൂതനസംവിധാനത്തിലൂടെ കഴിയുമെന്ന് എയര്‍ബസ് കണക്കുകൂട്ടുന്നു.

നിരവധി എയര്‍ലൈന്‍സുകള്‍ തങ്ങളുടെ പദ്ധതിയെ പ്രശംസിച്ച് സന്ദേശങ്ങളറിയിച്ചെന്ന് എയര്‍ബസിന്‍റെ കാബിന്‍ ആന്റ് കാര്‍ഗോ പ്രോഗ്രാം തലവന്‍ ജിയോഫ് പിന്നര്‍ അറിയിച്ചു. വിമാനങ്ങളില്‍ എക്കണോമിക് ക്ലാസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സ്ലീപ്പിങ് ബെര്‍ത്തുകള്‍ എന്ന ആശയം 2016 നവംബറില്‍ എയര്‍ഫ്രാന്‍സ് കെഎല്‍എം മുന്നോട്ടു വെച്ചിരുന്നു.