Aviation

കൊതുകുകടിക്കു പുറമേ ജീവനക്കാരുടെ അടിയും; ഇന്‍ഡിഗോ പ്രതിക്കൂട്ടില്‍

കൊതുകുകടി സഹിക്കാനാകില്ലെന്നു പറഞ്ഞു ബഹളം വച്ച യാത്രക്കാരനെ വിമാനത്തില്‍ നിന്നിറക്കി വിട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വിമാനം ‘ഹൈജാക്ക്’ ചെയ്യുമെന്നു പറഞ്ഞതിനാണ് ഡോ. സൌരഭ് റോയിയെ ഇറക്കിവിട്ടതെന്നു വിമാനക്കമ്പനി അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട യാത്രക്കാരനു വൻ പിന്തുണയാണു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ലക്നൗവിൽനിന്നു ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ 6ഇ 541 വിമാനം പറന്നുയരും മുൻപേയായിരുന്നു സംഭവം.

വിമാനത്തിൽ നിറയെ കൊതുകുകളാണെന്നും അവയെ ഒഴിവാക്കണമെന്നും ഡോക്ടറായ സൗരഭ് റായ് ആവശ്യപ്പെട്ടു. എന്നാൽ ഇതു കേൾക്കാതെ തന്നെ കോളറിനു പിടിച്ചു പുറത്താക്കുകയാണ് ഇന്‍ഡിഗോ ജീവനക്കാര്‍ ചെയ്തതെന്ന് സൗരഭ്റോയ് പറഞ്ഞു. ഇതോടെ ജീവനക്കാർക്കു നേരെ സൗരഭ് തട്ടിക്കയറുകയായിരുന്നുവെന്നാണു കമ്പനിയുടെ വാദം. ഭീഷണി നിറഞ്ഞ വാക്കുകളും പ്രയോഗിച്ചു. ഇതിനിടെ ‘ഹൈജാക്ക്’ എന്ന വാക്ക് ഉപയോഗിച്ചതിനാണു സുരക്ഷാ കാരണങ്ങളാൽ സൗരഭിനെ പുറത്താക്കിയത്. വിമാനം നശിപ്പിക്കാൻ മറ്റു യാത്രക്കാരോടു സൗരഭ് ആവശ്യപ്പെട്ടെന്നും ഇൻഡിഗോ വ്യക്തമാക്കി.

പരാതി പറഞ്ഞ തന്നോട് ഇൻഡിഗോ ജീവനക്കാർ മോശമായാണു പെരുമാറിയതെന്നു ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ കൂടിയായ സൗരഭ് പറഞ്ഞു.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.
ഇന്‍ഡിഗോയ്ക്കെതിരെ പരാതികള്‍ കൂടുകയാണ്. വിമാനക്കമ്പനി ജീവനക്കാരുടെ മോശം പെരുമാറ്റം പാര്‍ലമെണ്ടറി സമിതിയുടെ വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു.ഉപഭോക്തൃ സൗഹൃദ സ്ഥാപനമാക്കി ഇതിനെ മാറ്റണമെന്നും മാനേജ്മെന്റിനോട് സമിതി ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരനെ കയ്യേറ്റം ചെയ്യുന്ന വീഡിയോ വൈറലായതും അടുത്തിടെയാണ്.