News

ടൂറിസം ന്യൂസ് ലൈവിന് പുരസ്കാരം; അറബ് ടൂര്‍ ഓപ്പറേറ്റേഴ്സ് അവാര്‍ഡ് സമ്മാനിച്ചത് ടൂറിസം മന്ത്രി

ടൂറിസം രംഗത്തെ നൂതനാശയത്തിനുള്ള അസോസിയേഷന്‍ ഫോര്‍ അറബ് ടൂര്‍ ഓപ്പറേറ്റേഴ്സ് പുരസ്കാരം ടൂറിസം ന്യൂസ് ലൈവിന്. കൊച്ചി ക്രൌണ്‍ പ്ലാസാ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്ന് പുരസ്കാരം അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ ഇന്ത്യ(അറ്റോയ്) പ്രസിഡന്റ് പികെ അനീഷ്‌ കുമാര്‍ ഏറ്റുവാങ്ങി. അറ്റോയിയുടെ ഉടമസ്ഥതയിലുള്ളതാണ് ടൂറിസം ന്യൂസ് ലൈവ്. ടൂറിസം രംഗത്തെ ആദ്യ സമ്പൂര്‍ണ വാര്‍ത്താ പോര്‍ട്ടല്‍ എന്ന നിലയിലാണ് പുരസ്കാരം .

ചടങ്ങില്‍ അറബ് ടൂര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ കേരളത്തെക്കുറിച്ച് പുറത്തിറക്കിയ അറബ്- ഇംഗ്ലീഷ് ട്രാവല്‍ ഗൈഡ് മന്ത്രി പ്രകാശനം ചെയ്തു. കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ബേബിമാത്യു സോമതീരത്തിന് ആദ്യ പ്രതി നല്‍കിയായിരുന്നു പ്രകാശനം.
കേരളത്തെ മെഡിക്കല്‍ ടൂറിസം കേന്ദ്രമാക്കാന്‍ അറബി-ഇംഗ്ലീഷ് ഭാഷകളിലുള്ള ട്രാവല്‍ ഗൈഡ് സഹായകമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  ഉത്തരവാദ ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ  രൂപേഷ് കുമാറിനും പുരസ്കാരം ലഭിച്ചു. ഹൈബി ഈഡന്‍ എംഎല്‍എ, എഎടിഒ ഭാരവാഹികളായ സക്കീര്‍ ഹുസൈന്‍, സി എ തോമസ്‌, അനീസ്‌ അഹമ്മദ് ,മൊഹമ്മദ്‌ ബാവ , ടൂറിസം രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.