Hospitality

ഇവിടെ നായകള്‍ക്ക് മാത്രമേ റൂം കൊടുക്കൂ…!

വെല്‍വെറ്റ് വിരിച്ച ബെഡ്, സ്പാ, 24 മണിക്കൂറും വൈദ്യസഹായം, ബെല്‍ജിയത്തില്‍ നിന്നും ഇറക്കുമതി ചെയ്ത ബിയര്‍, നീന്തല്‍ കുളം, സാധാരണ റൂം മുതല്‍ അത്യാഡംബര റൂമുകള്‍ വരെ, ട്രെയിനിംഗ് സെന്‍ററുകള്‍, കളിസ്ഥലങ്ങള്‍- അങ്ങനെ നീളുന്നു ആഡംബര ഹോട്ടലായ ക്രിറ്ററാറ്റിയിലെ വിശേഷങ്ങള്‍. ന്യൂഡല്‍ഹിയിലെ ഗുരുഗ്രാമിലാണ് ഈ ഹോട്ടലുള്ളത്.

എന്നാല്‍ മനുഷ്യര്‍ക്ക്‌ ഇവിടെയ്ക്ക് പ്രവേശനമില്ല. പക്ഷേ, പട്ടികളാണ് റൂം ആവിശ്യപ്പെട്ട്‌ വരുന്നതെങ്കില്‍ രണ്ടുകയ്യും നീട്ടി സ്വീകരിക്കും. ഈ ഹോട്ടലില്‍ പട്ടികള്‍ക്ക് മാത്രമേ പ്രവേശനമൊള്ളൂ. പട്ടികളോടുള്ള സ്നേഹമാണ് ദീപക് ചൗളയേയും ഭാര്യ ജാന്‍വിയേയും അവര്‍ക്ക് വേണ്ടി ഹോട്ടല്‍ എന്നുള്ള ആശയത്തിലേയ്ക്ക് എത്തുന്നത്. അപ്പോള്‍ പിന്നെ ആഡംബരം ഒട്ടും കുറച്ചില്ല. ഡേകെയര്‍ സെന്‍റര്‍ ആയാണ് തുടക്കം. ഇന്ന് രാത്രിയിലും താമസിക്കാന്‍ നിരവധി അതിഥികള്‍ ഇവിടെത്തുന്നു.

സാധാരണ റൂം മുതല്‍ ഫാമിലി റൂം, റോയല്‍ സ്യൂട്ട്, ക്രിറ്ററാറ്റി സ്പെഷ്യല്‍ റൂം എന്നിങ്ങനെ വ്യത്യസ്ഥ റൂമുകള്‍ അതിഥികള്‍ക്ക് ലഭിക്കും. കൂടാതെ ആയുര്‍വേദ മസാജുകളോടെയുള്ള സ്പാ, കളിസ്ഥലം, ഭക്ഷ്യശാല, ജിം, വൈദ്യ സഹായം, ലഹരി ഇല്ലാത്ത ബിയര്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഹോട്ടലില്‍ ഒരുക്കിയിട്ടുണ്ട്.  ഇവിടുത്തെ അതിഥികളുടെയും ഡെകെയര്‍ സെന്‍ററിലെ പട്ടികളുടെയും ദിവസം തുടങ്ങുന്നത് എക്സസൈസോടെയാണ്. രാവിലെ ഏഴു മണിക്ക് എക്സസൈസ്‌ തുടങ്ങും.

പിന്നെ, പ്രഭാത ഭക്ഷണം, അതുകഴിഞ്ഞാല്‍ വിശ്രമം, ഇടവേളയ്ക്കു ശേഷം വിവിധ കളികള്‍ കളിക്കും, പിന്നീട് നീന്തല്‍, വൈകുന്നേരം കഫേയില്‍ സമയം ചെലവഴിക്കല്‍. ഇങ്ങനെ വ്യത്യസ്ഥമുള്ളതാണ് ഇവിടുത്തെ രീതികള്‍. എല്ലാ പട്ടികള്‍ക്കും പ്രത്യേക പരിചരണവും ലഭിക്കും. ഓരോ സീസണ്‍ അനുസരിച്ചാണ് ഭക്ഷണം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ടി.വി കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ഒരു രാത്രിയിലെ താമസത്തിന് 4,600 രൂപ കൊടുക്കണം.