Aviation

ആളെ പറ്റിച്ച് വീണ്ടും എമിറേറ്റ്‌സിന്റെ വമ്പന്‍ പ്രഖ്യാപനം

ആകാശം കണ്ടുകൊണ്ട് തുറസ്സായി മേഘങ്ങള്‍ക്കിടയിലൂടെ യാത്ര ചെയ്യാന്‍ ഒരു അവസരം കിട്ടിയാല്‍ എങ്ങനെയുണ്ടാകും 2020ല്‍ ഇത്തരമൊരു സ്വപ്‌നം യാഥാര്‍ഥ്യമാകും എന്ന് എമിറേറ്റ്‌സ് തന്നെ പ്രഖ്യാപിച്ചു.
ഇതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ അവര്‍ പങ്കുവച്ചു. നിരവധി ആളുകള്‍ പ്രതികരണങ്ങളുമായി രംഗത്തെത്തി. പക്ഷേ, ആ സ്വപ്ന സങ്കല്‍പ്പത്തിന് ആയുസ് കുറവായിരുന്നു. വിഡ്ഢി ദിനത്തിന്റെ ഭാഗമായി ‘ആളെ പറ്റിക്കാന്‍’ എമിറേറ്റ്‌സ് ഒപ്പിച്ച പണിയായിരുന്നു ഇത്.

ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനികളില്‍ ഒന്നായ എമിറേറ്റ്‌സ് അവരുടെ സമൂഹമാധ്യമ പേജുകളിലൂടെയാണ് ‘പറ്റിക്കല്‍ വാര്‍ത്ത’ പുറത്തുവിട്ടത്. 2020 മുതല്‍ ബോയിങ് 777എക്‌സില്‍ സ്‌കൈ ലോഞ്ച് ഉള്ള തുറസ്സായ വിമാനം എമിറേറ്റ്‌സ് പുറത്തിറക്കുന്നു. ആഡംബരത്തിന്റെ അവസാനവാക്കായ ഈ വിമാനത്തില്‍ നിന്നും അതിമനോഹരമായ ആകാശ ദൃശ്യങ്ങള്‍ കാണാമെന്നും മറ്റാരും നല്‍കാത്ത രീതിയിലുള്ള ജനാലക്കാഴ്ച നല്‍കുമെന്നും പോസ്റ്റുകളില്‍ പറയുന്നു. പക്ഷേ, അധികം വൈകാതെ തന്നെ ഇത് എമിറേറ്റ്‌സിന്റെ തമാശ പരിപാടിയായിരുന്നുവെന്ന് വ്യക്തമായി. വരാന്‍ പോകുന്ന വിമാനത്തിന്റേതെന്ന് തോന്നിക്കുന്ന ചില ചിത്രങ്ങളും എമിറേറ്റ്‌സ് അധികൃതര്‍ പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ വര്‍ഷവും ഏപ്രില്‍ ഒന്ന് വിഡ്ഢി ദിനത്തില്‍ എമിറേറ്റ്‌സ് ഇതുപോലെ ‘ഞെട്ടിക്കുന്ന’ പ്രഖ്യാപനം നടത്തിയിരുന്നു. ലോകത്തെ ഏറ്റവും വലിയ കൊമേഴ്ഷ്യല്‍ വിമാനം മൂന്നു നിലകളിലായി നിര്‍മ്മിക്കുന്നു എന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ‘പറ്റിക്കല്‍’ പ്രഖ്യാപനം. ഈ വിമാനത്തിനുള്ളില്‍ നീന്തല്‍കുളം, ജിം, പാര്‍ക്ക്, ഗെയിംസ് റൂം എന്നിവ ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. പിന്നീട്, ഇതും വിഡ്ഢി ദിനത്തിലെ എമിറേറ്റ്‌സിന്റെ തമാശയാണെന്ന് വ്യക്തമായിരുന്നു.