Alerts

സൂപ്പര്‍ ടൈഫൂണ്‍ ടോക്കിയോവില്‍ വന്‍ദുരന്തം വിതയ്ക്കും; സര്‍വേ റിപ്പോര്‍ട്ട്

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്ന അതിശക്തമായ കൊടുങ്കാറ്റ് ‘സൂപ്പർ ടൈഫൂൺ’ ജപ്പാനിൽ സംഭവിക്കുകയാണെങ്കില്‍ വൻദുരന്തമായിരിക്കുമെന്ന് സർവേ റിപ്പോര്‍ട്ട്. ജപ്പാന്‍റെ തലസ്ഥാനമായ ടോക്കിയോ നഗരത്തിന്‍റെ മധ്യഭാഗത്തിൽ മൂന്നിലൊന്നും വെള്ളത്തിനടിയിലാകും. 40 ലക്ഷത്തോളം ജനങ്ങളെ ഇത് ബാധിക്കും. 1.37 കോടിയാണ് ടോക്കിയോവിലെ ജനസംഖ്യ.

ടോക്കിയോവിലെ പ്രാദേശിക ഭരണകൂടമാണ് സർവെയുടെ റിപ്പോർട്ട് പുറത്തുവിട്ടത്. കൊടുങ്കാറ്റിനെത്തുടർന്ന് തിരമാലകൾ ഉയരുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ വിലയിരുത്താനായിരുന്നു സർവേ. സൂപ്പർ ടൈഫൂൺ ആഞ്ഞടിച്ചാൽ തിരമാലകൾ ഉയർന്നുപൊങ്ങി കരയിലേക്കു കയറുമെന്നത് ഉറപ്പാണ്. തുടർന്ന് സെൻട്രൽ ടോക്കിയോയുടെ 212 ചതുരശ്ര കിലോമീറ്റർ വരുന്ന പ്രദേശവും വെള്ളത്തിനടിയിലാകും. ഇവിടെ 33 അടി ഉയരത്തിലായിരിക്കും വെള്ളം കയറുകയെന്നും സർവേ പറയുന്നു.

നഗരത്തിലെ കച്ചവട–വിനോദ കേന്ദ്രങ്ങളും റയിൽവേ ലൈനുകളും വെള്ളത്തിനടിയിലാകും. ടോക്കിയോവിനു കിഴക്കുഭാഗത്ത് ഒരാഴ്ചയോളം വെള്ളപ്പൊക്കം തുടരും. ടോക്കിയോ തുറമുഖത്തു നിന്നുള്ള വെള്ളം സമീപ നദികളിലൂടെ എത്തുമ്പോഴാണ് ഈ പ്രശ്നം. ഈ സാഹചര്യത്തിൽ മുന്നറിയിപ്പു സംവിധാനം കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ് ടോക്കിയോ നഗരം.

പുനരധിവാസ നടപടികൾ എത്രമാത്രം കാര്യക്ഷമമായി നടത്താമെന്ന വിലയിരുത്തൽ തുടങ്ങിക്കഴിഞ്ഞു. ജപ്പാനിൽ കൊടുങ്കാറ്റുകൾ പതിവാണ്. ഇതിനെത്തുടർന്നുണ്ടാകുന്ന മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വൻനാശനഷ്ടങ്ങളും സൃഷ്ടിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് ടോക്കിയോ നഗരാധികാരികൾ സർവേ നടത്തിയത്.