Aviation

വ്യോമപാതയില്‍ മാറ്റമില്ലെന്ന് യു. എ. ഇ

സിവിലിയന്‍ യാത്രാവിമാനങ്ങളുടെ വ്യോമപാതയില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി യു. എ. ഇ. ഫെഡറല്‍ വ്യോമയാന അതോറിറ്റി ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സയീദ് അല്‍ മന്‍സൂരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം രണ്ട് യു എ. ഇ യാത്രാവിമാനങ്ങളെ അപകടകരമായ രീതിയില്‍ ഖത്തര്‍ യുദ്ധവിമാനങ്ങള്‍ സമീപിച്ചതിനെ തുടര്‍ന്നാണ് ഈ വിശദീകരണം. സമാനമായ രണ്ടു സംഭവങ്ങളെക്കുറിച്ച് ഐക്യരാഷ്ട്ര സഭയ്ക്കും അന്താരാഷ്ട്ര വ്യോമയാന അതോറിറ്റിക്കും പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബഹ്‌റൈന്‍ വ്യോമയാന പരിധിയിലാണ് ഖത്തറിന്റെ യുദ്ധവിമാനം അപകടമാം വിധം യു. എ. ഇ യാത്രാവിമാനങ്ങള്‍ക്ക് സമീപത്തേക്ക് വന്നത്. വിമാന പൈലറ്റിന്റെ അവസോരിചിതമായ ഇടപെടലില്‍ ദിശ മാറ്റിയതിനാലാണ് കൂട്ടിയിടി ഒഴിവായത്.

യാത്രാവിമാനങ്ങളുടെയും വ്യോമഗതാഗതത്തിന്റെയും സുരക്ഷ തകര്‍ക്കുകയാണ് ഇത്തരം നടപടികളിലൂടെ ഖത്തര്‍ ചെയ്യുന്നതെന്ന് സംഭവത്തെ അപലപിച്ച് യു.എ.ഇ. പ്രസ്താവിച്ചിരുന്നു. വ്യോമയാന രംഗത്തെ അന്താരാഷ്ട്ര നിയമം പാലിക്കപ്പെടുന്നുണ്ടെന് ഉറപ്പു വരുത്താനുള്ള യു.എ.ഇ.യുടെ അവകാശത്തെക്കുറിച്ചും വ്യോമയാന അതോറിറ്റി പ്രസ്താവനയില്‍ ഊന്നിപ്പറയുന്നുണ്ട്. തിങ്കളാഴ്ചയുണ്ടായ സംഭവം അന്താരാഷ്ട്ര വ്യോമയാന അതോറിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും സുല്‍ത്താന്‍ ബിന്‍ സയീദ് അല്‍ മന്‍സൂരി അറിയിച്ചു.