Food

വട്ടവട വെളുത്തുള്ളി ഭൗമസൂചികാ പദവിയിലേക്ക്

മറയൂരിലെ മധുര ശര്‍ക്കരയ്ക്കു പിന്നാലെ മൂന്നാര്‍ വട്ടവട ഗ്രാമത്തിലെ കുഞ്ഞന്‍ വെളുത്തുള്ളിക്കും ഭൗമസൂചികാ പദവി അഥവാ ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ വൈകാതെ സ്വന്തമാകും. വിവിധ സംസ്ഥാനങ്ങളില്‍ വിളയുന്ന 18 ഇനം വെളുത്തുള്ളികളില്‍ കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണ വിഭാഗം വട്ടവട വെളുത്തുള്ളിക്ക് ഗുണമേന്‍മയില്‍ ഒന്നാം സ്ഥാനം നല്‍കിയിരിക്കുന്നു. അല്ലികള്‍ അടര്‍ത്തിയൊടിച്ചാല്‍ മൂക്കും കണ്ണും തുളയ്ക്കുന്ന ഗന്ധം. വായിലിട്ടാല്‍ കടുത്ത എരിവ്. കറികളില്‍ ചേര്‍ത്താല്‍ ഒന്നാംതരം രുചി. അച്ചാറുണ്ടാക്കിയാല്‍ കേമം. ആയുര്‍വേദക്കാര്‍ക്ക് എന്നും പ്രിയമാണ് വട്ടവട വെളുത്തുള്ളിയില്‍ നിന്നുണ്ടാക്കുന്ന തൈലം.

മറയൂര്‍, കാന്തല്ലൂര്‍,വട്ടവട ഗ്രാമങ്ങളിലെ ചെറുകിടക്കാരായ കര്‍ഷകര്‍ മൂന്നു മാസംകൊണ്ടു വിളയിക്കുന്ന വെളുത്തുള്ളിക്കു ഭൗമസൂചിക നേടിയെടുക്കാന്‍ സംസ്ഥാന കൃഷി വകുപ്പാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. കേരളത്തില്‍ സമാനകാലാവസ്ഥയുള്ള പ്രദേശങ്ങളിലും വെളുത്തുള്ളി കൃഷി ചെയ്യാനുള്ള നീക്കത്തിലാണ് കൃഷിവകുപ്പ്. ഉണക്കി വില്‍ക്കുന്നതിനു പുറമെ മണവും ഔഷധ ഗുണവുമുള്ള തൈലവും വെളുത്തുള്ളിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്നു. ശീതമഴയുടെ അകമ്പടിയില്‍ ഡിസംബര്‍ മാസത്തില്‍ നട്ട് മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളില്‍ വിളവെടുക്കുന്നതാണ് വട്ടവടയിലെ രീതി.

കൃഷിയിടങ്ങളില്‍ പറിച്ചു കൂട്ടുന്ന ഉള്ളി കറ്റകെട്ടി പുകകൊള്ളിച്ച് ഒരു വര്‍ഷം വരെ സൂക്ഷിക്കാം. എന്നാല്‍ ചെറുകിട കര്‍ഷകര്‍ക്ക് സംസ്‌കരിച്ചു സൂക്ഷിക്കാന്‍ സൗകര്യം വീടുകളില്‍ പരിമിതമാണ്. കഴിഞ്ഞ ഓണക്കാലത്ത് വട്ടവടയില്‍ ശരാശരി 300 രൂപ ഒരു കിലോ വെളുത്തു ള്ളിക്ക് ലഭിച്ചിരുന്നു. ഇപ്പോള്‍ 80-110 രൂപയിലെത്തിയിരിക്കുന്നു നിരക്ക്. വെളുത്തുള്ളിയും കാരറ്റും കാബേജും ഉരുളക്കിഴങ്ങുമൊക്കെ നേരിട്ടു വില്‍ക്കാന്‍ വിപണിയില്ലെന്നതാണ് ഒറ്റപ്പെട്ടുകിടക്കുന്ന വട്ടവട, കാന്തല്ലൂര്‍ ഗ്രാമീണ കര്‍ഷകരുടെ പരിമിതി.
വെള്ളുള്ളി, വെള്ളവെങ്കായം, പൂണ്ട് എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന വെളുത്തുള്ളിയുടെ ശാസ്ത്രീയ നാമം അല്ലിയം സാറ്റിവം എന്നാ ണ്. ഇന്‍ഹേലിയം ഗാര്‍ലിക്ക്, റെഡ് ഇന്‍ഹേലിയം ഗാര്‍ലിക്ക് എന്നീ ഇനങ്ങളാണ് മറയൂരില്‍ കൃഷി ചെയ്യുന്നത്.

ഈര്‍പ്പമുള്ള മണ്ണില്‍ തടമെടുത്തും അല്ലാതെയും മേട്ടുപാളയത്തുനിന്നു വാങ്ങുന്ന വെളുത്തുള്ളി വിത്തുകള്‍ പാകുകയാണ് പതിവ്. മൂന്നു മാസം കൊണ്ടു പാകമാകുന്നതും മോശമല്ലാത്ത വരുമാനം ലഭിക്കുന്നതുമായ വെളുത്തുള്ളി കൃഷി ഇവിടെ അഞ്ഞൂറിലേറെ കര്‍ഷകരുടെ ജീവിതമാര്‍ഗമാണ്. വിളവ് ഉണങ്ങാനും ചിക്കാനും കെട്ടി സൂക്ഷിക്കാനും സൗകര്യമില്ലെന്നതാണ് ചെറുകിട കര്‍ഷകരെ ദുരിതത്തിലാക്കുന്നത്. വിളവെടുത്ത് തോട്ടത്തില്‍ തന്നെ കൂട്ടിയടുക്കി വെയ്ക്കുകയാണ് പതിവ്. ഉണങ്ങിയശേഷം തണ്ടു മുറിച്ചു കളഞ്ഞാണ് വില്‍ക്കാനായി മാര്‍ക്കറ്റില്‍ എത്തിക്കുന്നത്.

പാലക്കാടന്‍ മട്ട, ഗന്ധകശാല, നവര, പൊക്കാളി അരി ഇനങ്ങള്‍, മലബാര്‍ കുരുമുളക്, ചങ്ങോലിക്കോടന്‍ കായ, വാഴക്കുളം പൈനാപ്പിള്‍ തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് നിലവില്‍ ദേശസൂചികാ പദവിയുണ്ട്. സൂചിക ലഭിക്കുന്നതോടെ മറയൂര്‍, വട്ടവട വെളുത്തുള്ളി ബ്രാന്‍ഡ് ചെയ്ത് വില്‍ക്കാനാവും.