Food

മഴയായാലും വെയിലായാലും ഫുഡീസ് മോജോ ഓടിയെത്തും

ഭക്ഷണം പാഴ്‌സലായി മാത്രം നല്‍കുന്ന ഫുഡ് എവേ ട്രക്കുകള്‍ കൊച്ചിയിലെ നഗരവീഥിയിലും ഓടിത്തുടങ്ങിയിരിക്കുന്നു. ഫുഡ് ഓണ്‍ വീല്‍സ് എന്ന സങ്കല്‍പത്തിന്റെ ഡിസൈനര്‍ രൂപമാണ് ഫുഡ് ട്രക്കുകള്‍. ആള്‍ത്തിരക്കുള്ളയിടത്ത്,ഭക്ഷണം കഴിക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നൊരു സമയത്ത് നിര്‍ത്തിയിടുക. ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം ചൂടോടെ പാകം ചെയ്ത് പൊതിഞ്ഞുകൊടുക്കുക ഇതാണ് ടേക്ക് എവേ ഫുഡ് ട്രക്ക്.ഭക്ഷണം പാകം ചെയ്യലും പൊതിഞ്ഞു നല്‍കലും പണം വാങ്ങലും ട്രക്കിനുള്ളില്‍ തന്നെ.

 

കടയുടമയും ഉപഭോഗ്താവും തമ്മില്‍ കൊടുക്കല്‍ വാങ്ങല്‍ മാത്രം. ഇരിക്കാന്‍ ഇരിപ്പിടങ്ങള്‍ ഇല്ല. ഇരുന്ന് കഴിച്ചാല്‍ മാത്രമല്ലേ മാലിന്യം ഉണ്ടാവുകയുള്ളൂ. വഴിയിലെ മാലിന്യം ഒഴിവാക്കുകയെന്നതാണ് ഫുഡ് ട്രക്കുകളുടെ ലക്ഷ്യം.

കൊച്ചി നഗരത്തിലെ വൈകുന്നേരങ്ങളില്‍ തിരക്കേറുന്ന മൂന്നിടങ്ങള്‍- ചാത്യാത്ത് റോഡ് ക്വീന്‍സ് വാക്ക് വേ, പനമ്പിള്ളി നഗര്‍ വാക്വേ, സുഭാഷ് പാര്‍ക്ക്. വൈകിട്ടു കുടുംബവുമൊന്നിച്ചു നടക്കാനെത്തി രാത്രിയാകുന്നതോടെ വീട്ടിലേക്കു മടങ്ങുന്നവര്‍. ഇതു കണ്ടറിഞ്ഞാണു നഗരത്തിലെ ആദ്യത്തെ ടേക്ക് എവേ ഫുഡ് ട്രക്ക് ക്വീന്‍സ് വാക്‌വേയില്‍ തുടങ്ങിയത്.
നഗരത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഫുഡ് ട്രക്കായ ഫുഡീസ് മോജോയ്ക്ക് തുടക്കമിട്ടത് ദമ്പതികളായ ഷാനും, ഇന്ദുമതിയുമാണ്.

 

പറവൂരിലെ ഗാരിജില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ അനുമതിയോടെ ട്രാവലര്‍ ഡിസൈന്‍ ചെയ്‌തെടുത്തു. കോര്‍പറേഷന്റെ ലൈസന്‍സും സമ്പാദിച്ചു. വീട്ടിലെ അടുക്കളയിലാണ് അറേബ്യന്‍ ബിരിയാണി റൈസ് പാകം ചെയ്യുന്നത്. ബാക്കിയെല്ലാം ട്രക്കില്‍ തന്നെ. കൊളസ്‌ട്രോള്‍ ഫ്രീ ചിക്കന്‍ നല്‍കാനായി ചാര്‍ക്കോള്‍ ഗ്രില്‍ ഉണ്ട്. രണ്ട് അടുപ്പുകള്‍ വേറെയുണ്ട്. റഫ്രിജറേറ്ററും കൂടിയായപ്പോള്‍ ട്രക്കിലെ അടുക്കള റെഡി. രണ്ടു ഷെഫുമാര്‍ ട്രക്കിലും ഒരാള്‍ വീട്ടിലും. ഓര്‍ഡര്‍ എടുക്കുന്നതു ഷാന്‍. ബില്‍ നല്‍കി പണം വാങ്ങുന്നത് ഇന്ദുമതി. വൈകിട്ട് ആറു മുതല്‍ രാത്രി 11 വരെയാണ് ഫുഡീസ് മോജോയുടെ പ്രവര്‍ത്തനം.